തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ വീണ്ടും രാഹുൽ, ബീഹാറിൽ വോട്ട് മോഷണത്തിന്റെ സ്ഥാപനവത്‌കരിക്കപ്പെട്ട രീതി
ന്യൂഡൽഹി: ബീഹാറിൽ വോട്ടുകൾ മോഷ്ടിക്കാനുള്ള സ്ഥാപനവത്കരിക്കപ്പെട്ട മാർഗമാണ് സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) എന്ന വോട്ടർ പട്ടിക പരിഷ്‌കാരമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'വോട്ടർ അധികാർ യാത്ര'യുടെ എട്ടാം ദിവസം നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ബീഹാറിലെ അരാരിയയിലൂടെയാണ് ഇന്നലെ യാത്ര കടന്നു പോയത്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഇന്നലെ യാത്രയിൽ അണിചേർന്നു.
ബീഹാറിലെ പ്രതിപക്ഷ മഹാസഖ്യം വോട്ടു കൊള്ള നടത്താൻ അനുവദിക്കില്ല. മഹാസഖ്യത്തിലെ പാർട്ടികൾക്കിടയിലെ പ്രത്യയശാസ്ത്രപരവും തന്ത്രപരവുമായ ഐക്യം 'വോട്ടർ അധികാർ യാത്ര'യിൽ പ്രതിഫലിക്കുന്നു. കർണാടകയിൽ താൻ വോട്ടു കൊള്ളയുടെ തെളിവ് പുറത്തുവിട്ടപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കാതെ സത്യവാങ്മൂലം സമർപ്പിക്കാനാണ് ആവശ്യപ്പെട്ടത്. അതേസമയം അതേ തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ച ബി.ജെ.പി നേതാവ് അനുരാഗ് താക്കൂറിനോട് അത് ആവശ്യപ്പെട്ടുമില്ല.
'വോട്ടർ അധികാർ യാത്ര'യ്ക്കുള്ള വൻ പിന്തുണ, ബീഹാറിലെ കോടിക്കണക്കിന് ആളുകൾ തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുന്നുവെന്ന യാഥാർത്ഥ്യം അംഗീകരിക്കുന്നതിന്റെ തെളിവാണെന്ന് രാഹുൽ പറഞ്ഞു. 6 വയസ്സുള്ള കുട്ടികൾ പോലും 'വോട്ട് കൊള്ള' എന്ന് പറയാൻ തുടങ്ങി. ബീഹാറിൽ കർഷക ചൂഷണത്തിനെതിരെ കടാശ്വാസം,സംഭരണം,കയറ്റുമതി-ഇറക്കുമതി സൗകര്യങ്ങൾ എന്നിവയിലൂന്നിയ പ്രത്യേക പ്രകടന പത്രിക മഹാ മുന്നണി തയ്യാറാക്കുമെന്ന് രാഹുൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷൻ ബി.ജെ.പിയുടെ മറ്റൊരു സെൽ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ-മാർക്സിസ്റ്റ് ലെനിനിസ്റ്റ് നേതാവ് ദീപങ്കർ ഭട്ടാചാര്യ, വികാസ്ഷീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സഹാനി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഇന്ത്യാ മുന്നണി നേതാക്കളും
ബീഹാറിലെ രാഹുലിന്റെ യാത്രയ്‌ക്ക് ജനപിന്തുണ വർദ്ധിക്കുന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ 'ഇന്ത്യ' മുന്നണി നേതാക്കൾ അണിചേരുമെന്ന് സൂചന. വ്യാഴാഴ്‌ച സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ ബുധനാഴ്ച്ച ഡി.എം.കെ അദ്ധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിൻ എത്തും. ജെ.എം.എം നേതാവും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ, കോൺഗ്രസ് മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, രേവന്ത് റെഡ്ഡി, സുഖ്‌വിന്ദർ സുഖു തുടങ്ങിയവരും അണിചേരാനെത്തും.