ചിരാഗിനെ വിവാഹം കഴിപ്പിക്കുമെന്ന് തേജസ്വി, തനിക്കും ബാധകമെന്ന് രാഹുൽ

Monday 25 August 2025 12:23 AM IST

ന്യൂഡൽഹി: ലോക് ജനശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാനെ വിവാഹം കഴിപ്പിക്കേണ്ടതുണ്ടെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. ബീഹാറിൽ വോട്ടർ അധികാർ യാത്രയ്ക്കിടെ അരാരിയയിൽ നടന്ന ചടങ്ങിലായിരുന്നു തേജസ്വിയുടെ പരാമർശം. 'ഇത് എനിക്കും ബാധകമാണെന്ന' ചടങ്ങിൽ പങ്കെടുത്ത രാഹുൽ ഗാന്ധിയുടെ പ്രതികരണം വേദിയിലും സദസിലും ചിരി പടർത്തി.

പ്രധാനന്ത്രി നരേന്ദ്ര മോദിയുടെ 'ഹനുമാൻ' ആണെന്ന് ചിരാഗ് പാസ്വാൻ ഇടയ്ക്കിടെ പറയുന്നതിനെ പരിഹസിച്ച ശേഷമാണ് തേജസ്വി വിവാഹക്കാര്യം സൂചിപ്പിച്ചത്. ചിലർ പ്രത്യേക വ്യക്തികളുടെ 'ഹനുമാൻ' ആണ്. പക്ഷേ നമ്മൾ ജനങ്ങളുടെ 'ഹനുമാൻ' ആണ്. ചിരാഗ് പാസ്വാൻ ഇന്നൊരു പ്രശ്‌നമല്ല. അദ്ദേഹം ജ്യേഷ്ഠ സഹോദരനാണ്. എത്രയും പെട്ടെന്ന് വിവാഹം കഴിക്കാൻ ഞാൻ അദ്ദേഹത്തോട് ഉപദേശിക്കും'- തേജസ്വി പറഞ്ഞു. 'ഇത് എനിക്കും ബാധകമാണ്' എന്നായിരുന്നു തേജസ്വിയുടെ പരാമർശം കേട്ട രാഹുലിന്റെ ചിരിയോടെയുള്ള പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദയത്തിലുള്ളതിനാൽ പ്രചാരണത്തിന് ചിത്രം ആവശ്യമില്ലെന്ന് 2020ലെ ബീഹാർ തിരഞ്ഞെടുപ്പിനിടെ ചിരാഗ് പാസ്വാൻ പറഞ്ഞിരുന്നു.