ജഡ്ജിക്കുന്നിലെ മർദ്ദനം: നാലുപേർ അറസ്റ്റിൽ

Monday 25 August 2025 1:23 AM IST

കോവളം: 17കാരിയുമായി സൗഹൃദത്തിലായ 50കാരനെ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച സംഭത്തിൽ നാലുപേരെ തിരുവല്ലം പൊലീസ് അറസ്റ്റുചെയ്‌തു.

നേമം കാരയ്ക്കാമണ്ഡപം അമ്മവീടു ലെയ്ൻ അമ്പമേട്ടിൽ മനോജ്(47),ഇയാളുടെ സുഹൃത്തുക്കളായ കല്ലിയൂർ കിഴക്കേ പുതുക്കുടിപുത്തൻ വീട് ജെ.കെ ഹൗസിൽ മനു(35),വെള്ളായണി ശിവോദയം റോഡ് ചെമ്പകശ്ശേരി അർജുനൻ(29),വട്ടിയൂർക്കാവ് കൊടുങ്ങാനൂർ വലിയവിള പുത്തൻ വീട്ടിൽ അജിത് കുമാർ (22) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

അരുവിക്കര അഴിക്കോട് സ്വദേശി റഹീം പനവൂരിനെയാണ് (50) പ്രതികൾ കഴിഞ്ഞ ദിവസം തിരുവല്ലം ജഡ്ജിക്കുന്നിൽ വച്ച് മർദിച്ചത്. റഹീമിന്റെ ബാഗിലുണ്ടായിരുന്ന 21,000 രൂപ,മൊബൈൽ ഫോൺ എന്നിവയും സംഘം തട്ടിയെടുത്തു. ചിത്രം വരയ്ക്കുന്ന പെൺകുട്ടി വിവിധ എക്‌സിബിഷനുകളിൽ വച്ചായിരുന്നു റഹിമിനെ പരിചയപ്പെട്ടത്. തുടർന്ന് ഫോൺവഴി റഹീം സൗഹൃദം സ്ഥാപിക്കുകയായിരുന്നു.

പെൺകുട്ടി വിളിച്ചതനുസരിച്ചാണ് റഹിം ജഡ്‌ജിക്കുന്നിലെത്തിയത്. പെൺകുട്ടിയുമായി സംസാരിക്കുന്നതിനിടെ മനോജും സുഹൃത്തുക്കളും ബൈക്കുകളിലെത്തി റഹീമിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം പെൺകുട്ടിയുമായി സ്ഥലംവിട്ടു. പരിക്കേറ്റ് കിടന്ന റഹീമിനെക്കുറിച്ച് നാട്ടുകാരാണ് തിരുവല്ലം പൊലീസിനെ അറിയിച്ചത്. പ്രതികളെ റിമാൻഡ് ചെയ്തു.