ബൈക്കിൽ രാഹുൽ; ഓടിയെത്തി ഉമ്മ നൽകി 'ആരാധകൻ'
ന്യൂഡൽഹി: ബീഹാറിലെ വോട്ടർ അധികാർ യാത്രയ്ക്കിടെ ബൈക്കിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് 'ആരാധക'ന്റെ ഉമ്മ. വോട്ടർ അധികാർ യാത്രയുടെ എട്ടാം ദിവസമായ ഇന്നലെ പുർണിയയിൽ വച്ചായിരുന്നു സംഭവം. രാഹുലിന്റെയും ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെയും ബൈക്ക് റാലിക്കിടെയാണ് സുരക്ഷ ഭേദിച്ചെത്തിയയാൾ രാഹുലിന്റെ കവിളിൽ ഉമ്മ നൽകിയത്. ഹെൽമറ്റ് ധരിച്ച് ബൈക്കോടിച്ചിരുന്ന രാഹുലിന്റെ ബൈക്കിന് പിന്നിൽ ബീഹാർ കോൺഗ്രസ് അദ്ധ്യക്ഷൻ രാജേഷ് കുമാറുമുണ്ടായിരുന്നു. പാർട്ടി പ്രവർത്തകർക്കിടയിലൂടെ ഇവർ നീങ്ങുന്നതിനിടെയാണ് ഇയാൾ രാഹുലിന്റെ ബൈക്കിനടുത്തേക്കെത്തിയത്. തേജസ്വിയുടെ സുരക്ഷാസംഘത്തിലെ ഒരാൾ ഇയാളെ തടയുകയും മുഖത്തടിക്കുകയും ചെയതു. തുടർന്ന് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. അതേസമയം,രാഹുലിന്റെയും തേജസ്വിയുടെയും ബൈക്ക് യാത്രയെ വിമർശിച്ച് തേജസ്വിയുടെ സഹോദരനും ആർ.ജെ.ഡിയിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവുമായ തേജ് പ്രതാപ് രംഗത്തെത്തി. ആഗസ്റ്റ് 17ന് സാസാറാമിൽ നിന്ന് തുടങ്ങിയ വോട്ടർ അധികാർ യാത്ര 16 ദിവസം കൊണ്ട് 1,300 കിലോമീറ്റർ പിന്നിട്ട് സെപ്തംബർ ഒന്നിന് പാട്‌നയിൽ സമാപിക്കും. സമാപന റാലിയിൽ ഇന്ത്യാ മുന്നണി നേതാക്കളും പങ്കെടുക്കും.