ന്യോമ എയർബേസ്: മോദി ഒക്ടോബറിൽ ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ന്യോമയിൽ പുതുതായി നിർമ്മിച്ച മുദ് അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ട് ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചൈനീസ് അതിർത്തിയിൽ (എൽ.എസി) നിന്ന് 30 കിലോമീറ്ററും ലേയിൽ നിന്ന് 200 കിലോമീറ്ററും അകലെ സമുദ്ര നിരപ്പിൽ നിന്ന് 13,700 അടി ഉയരത്തിലാണ് ന്യോമ വ്യോമതാവളം സ്ഥിതി ചെയ്യുന്നത്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബി.ആർ.ഒ) നിർമ്മിച്ച ഈ താവളം ലോകത്തിലെ അഞ്ചാമത്തെ ഉയരം കൂടിയ വ്യോമതാവളമായി മറും.
മേഖലയിൽ ഇന്ത്യയുടെ സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. എല്ലാ തരം യുദ്ധവിമാനങ്ങൾക്കും പറന്നുയരാനും ലാൻഡ് ചെയ്യാനും ഇവിടെ സാധിക്കും. മൂന്ന് വർഷം കൊണ്ടാണ് പദ്ധതി പൂർത്തിയാക്കിയകത്. 2023 സെപ്തംബറിലാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് 218 കോടിയുടെ പദ്ധതിക്ക് തറക്കല്ലിട്ടത്. നേരത്തെ ഇവിടെ വിമാനങ്ങൾ ലാൻഡ് ചെയ്തിരുന്നു. എന്നാൽ 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിനുശേഷം ഇവിടെ വ്യോമതാവളം പ്രവർത്തിച്ചിരുന്നില്ല. 2009ൽ ഇന്ത്യൻ വ്യോമസേനയുടെ ഗതാഗത വിമാനമായ എ.എൻ-32 ഇവിടെ ലാൻഡ് ചെയ്തതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻവച്ചത്.