ഹോൺ മുഴക്കിയതിന് ഓട്ടോ ഡ്രൈവറെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ

Monday 25 August 2025 1:36 AM IST

ചേർപ്പ്: ബൈക്കിനെ മറികടക്കാനായി പിറകിൽ നിന്ന് ഹോൺ മുഴക്കിയതിന്റെ പേരിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച ബൈക്ക് യാത്രികരായ യുവാക്കളെ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു.

ഊരകം മാവിൻചുവട് മാക്കോത്ത് വീട്ടിൽ അജിൽ (26), മണ്ണുത്തി കാളത്തോട് പൊറ്റെക്കാട്ട് വീട്ടിൽ നയൻകൃഷ്ണ (21) എന്നിവരാണ് അറസ്റ്റിലായത്. ഓട്ടോ ഡ്രൈവറായ ഊരകം കിസാൻ കോർണറിൽ മരാത്തുവളപ്പിൽ രാമചന്ദ്രനെയാണ് (50) മർദ്ദിച്ചത്. ശനിയാഴ്ച വൈകീട്ട് 4.45ന് ഊരകത്തായിരുന്നു സംഭവം. ഓട്ടോയിൽ യാത്രക്കാരുമായി പോകുന്നതിനിടെ ബൈക്കിലെത്തിയ പ്രതികൾ ഓട്ടോയ്ക്ക് കടന്നുപോകാൻ സൈഡ് കൊടുക്കാതെ തടസം സൃഷ്ടിക്കുകയും പല തവണ ബൈക്ക് ബ്രേക്ക് ചെയ്ത് യാത്ര തടസപ്പെടുത്തുകയുമായിരുന്നു.

രാമചന്ദ്രൻ ഹോൺ മുഴക്കിയതിനെ തുടർന്നാണ് ആക്രമണമുണ്ടായത്. അജിൽ കഞ്ചാവ് കേസിലെ പ്രതിയാണ്. ചേർപ്പ് എസ്.ഐമാരായ സുബിന്ദ്, എം.എസ്.ഷാജു, സിവിൽ പൊലീസ് ഓഫീസർമാരായ മുഹമ്മദ്, ശരത്കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.