അരുവിക്കര റിസർവോയർ : നീക്കിയത് 7000 മെട്രിക് ടൺ ചെളി

Monday 25 August 2025 2:46 AM IST

93,000 മെട്രിക് ടൺ കൂടി നീക്കം ചെയ്യും

തിരുവനന്തപുരം: നഗരത്തിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന അരുവിക്കര റിസർവോയറിലെ ചെളിയും മണ്ണും നീക്കി ആഴം കൂട്ടുന്ന നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. മേയിൽ ചെളി നീക്കൽ തുടങ്ങിയത് മുതൽ റിസർവോയറിലെ ഒരു പോക്കറ്റിൽ നിന്ന് മാത്രം 7000 മെട്രിക് ടൺ ചെളിയാണ് നീക്കിയത്. 93,000 മെട്രിക് ടൺ കൂടി നീക്കം ചെയ്യും. ഡാമിലെ ജലം മലിനമാകാതിരിക്കുന്നതിന് വേണ്ടി 10 പോക്കറ്റുകളായി തിരിച്ചാണ് ചെളിയും മണ്ണും നീക്കുന്നത്.

അരുവിക്കര റിസർവോയറിന്റെ ആഴം 46 അടിയാണ്. എന്നാൽ ചെളിയും മണ്ണും അടിഞ്ഞതിനാൽ 25 അടിയാണ് നിലവിലെ ആഴം. ഇതിൽ 11 അടി ഉയരത്തിലാണ് ജലമുള്ളത്. ശേഷിക്കുന്ന ഒമ്പത് പോക്കറ്റുകളിലെ ചെളി 12 മാസങ്ങൾ കൊണ്ട് നീക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 1933ൽ നിർമ്മിച്ച റിസർവോയറിൽ ഇതുവരെ മണ്ണ് നീക്കിയിട്ടില്ല. 90 വർഷത്തെ മണ്ണും ചെളിയും റിസർവോയറിൽ അടിഞ്ഞു കൂടിയിട്ടുണ്ടെന്നാണ് വിവരം.

ഗുജറാത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ഡിവൈൻ ഷിപ്പിംഗ് സർവീസസ് എന്ന കമ്പനിയാണ് ആഴംകൂട്ടലിന് കരാറെടുത്തിരിക്കുന്നത്. 12.7 കോടിയാണ് പദ്ധതിച്ചെലവ്. ആദ്യഘട്ടത്തിൽ പദ്ധതിച്ചുമതലയുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന് (കിഡ്ക്) ഒരുകോടി രൂപ നൽകിയിരുന്നു.

പദ്ധതിച്ചെലവ് -12.7 കോടി

കരാറെടുത്തിരിക്കുന്നത് - ഡിവൈൻ ഷിപ്പിംഗ് സർവീസസ് കമ്പനി

മണൽ അദാനി തുറമുഖ

അധികൃതർ വാങ്ങുന്നു

നീക്കം ചെയ്യുന്ന മണൽ കമ്പനിക്ക് വിൽക്കുകയോ മറ്റേതെങ്കിലും ആവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്യാം. കോരിയെടുക്കുന്ന മണലിനൊപ്പം കളിമണ്ണും ഉള്ളതിനാൽ നിർമ്മാണാവശ്യത്തിന് നേരിട്ട് ഉപയോഗിക്കാനാകില്ല. അതിനാൽ മറ്റ് ഘടകങ്ങൾ കൂട്ടിച്ചേർത്ത് ഉപയോഗയോഗ്യമാക്കുകയാണ് ചെയ്യുന്നത്. കോരിയെടുക്കുന്ന ചെളി ജല അതോറിട്ടിയുടെ തന്നെ സ്ഥലത്ത് ശേഖരിച്ച ശേഷം മണലും കളിമണ്ണും വേർതിരിക്കുകയാണ് ചെയ്യുന്നത്. വേർതിരിക്കുന്ന മണൽ അദാനി തുറമുഖ അധികൃതർ ഗോഡൗൺ നിർമ്മാണത്തിനായി വാങ്ങും. കളിമണ്ണ് മറ്റ് കമ്പനികളും ഏറ്റെടുക്കും. ജല അതോറിട്ടിയുടെയും കിഡ്കിന്റെയും ഉന്നത ഉദ്യാഗസ്ഥരുടെ മേൽനോട്ടത്തിലാണ് പണികൾ പുരോഗമിക്കുന്നത്.

ജലക്ഷാമത്തിന് പരിഹാരമാകും

രണ്ട് ദശലക്ഷം ക്യുബിക് മീറ്റർ ജലമാണ് അരുവിക്കരയിലെ സംഭരണശേഷി.എന്നാൽ മണ്ണും ചെളിയും അടിഞ്ഞതിനാൽ ഒരു ദശക്ഷം ക്യുബിക് മീറ്റർ ജലമേ നിലവിൽ ശേഖരിക്കാനാവുന്നുള്ളൂ. ഡാമിന്റെ സംഭരണശേഷിയുടെ 43 ശതമാനം മാത്രമാണിത്. നഗരത്തിന്റെ ദാഹം അകറ്റാൻ പ്രതിദിനം 400 ദശലക്ഷം ലിറ്റർ ജലം ആവശ്യമാണ്. എന്നാൽ 320 എം.എൽ.ഡി വെള്ളം മാത്രമേ അരുവിക്കരയിൽ ഉത്പാദിപ്പിക്കാനാവു. അതിനാൽ കഴക്കൂട്ടം, ടെക്‌നോപാർക്ക്, പൗഡിക്കോണം, വിഴിഞ്ഞം, വെങ്ങാനൂർ തുടങ്ങിയ മേഖലകളിൽ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. ആഴം കൂട്ടൽ പൂർത്തിയാകുന്നതോടെ ആറ് മാസത്തേക്കുള്ള ജലം അധികമായി റിസർവോയറിൽ സംഭരിക്കാൻ കഴിയും. ഇതോടെ നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും.