സ്പീക്കർ പദവിയുടെ അന്തസ് വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കണം: ഷാ

Monday 25 August 2025 12:48 AM IST

ന്യൂഡൽഹി: സ്പീക്കർ സ്ഥാനത്തിന്റെ അന്തസും ബഹുമാനവും നിലനിറുത്തേണ്ടതിന്റെ പ്രധാന്യം ഓർമ്മിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സഭയിലെ ചട്ടങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് സർക്കാരും പ്രതിപക്ഷവും ഉറപ്പാക്കണമെന്നും ഷാ പറഞ്ഞു. ഡൽഹി നിയമസഭയിൽ നടന്ന അഖിലേന്ത്യാ സ്പീക്കേഴ്സ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പീക്കർ പദവിയുടെ അന്തസ് വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നതിനുള്ള അവസരമാണ് അഖിലേന്ത്യാ സ്പീക്കേഴ്‌സ് കോൺഫറൻസ് ഒരുക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിന് പക്ഷപാതമില്ലാത്ത വേദി ഉറപ്പാക്കാൻ നാം ശ്രമിക്കണം. സർക്കാരും പ്രതിപക്ഷവും പക്ഷപാതമില്ലാതെ വാദങ്ങൾ ഉന്നയിക്കണം. ഓരോ സഭയും പ്രവർത്തിക്കുന്നത് ആ സഭയുടെ ചട്ടങ്ങൾ അനുസരിച്ചായിരിക്കണം. നിയമനിർമ്മാണ സഭകളുടെ അന്തസ് നഷ്ടപ്പെടുമ്പോൾ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് ചരിത്രം ഓർമിപ്പിക്കുന്നതെന്നും ഷാ കൂട്ടിച്ചേർത്തു. 1925 ആഗസ്റ്റ് 24ന് വിട്ടൽഭായ് പട്ടേൽ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ശതാബ്ദി ദിനത്തിൽ ഷാ പട്ടേലിനെ അനുസ്മരിച്ചു. സമ്മേളനത്തിൽ കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീറും പങ്കെടുത്തു.