എങ്ങനെ? ................... ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്
ഇന്ത്യൻ ഉപരാഷ്ട്രപതി സ്ഥാനത്തു നിന്ന് ആരോഗ്യ കാരണങ്ങളാൽ ജഗ്‌ദീപ് ധൻകർ രാജിവച്ചതിനെത്തുടർന്ന് പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുങ്ങുകയാണ്. ഇത് 16-ാമത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പാണ്. ഭരണഘടനയിലെ ആർട്ടിക്കിൾ 324 (1) അനുസരിച്ച്, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ മേൽനോട്ടവും നടത്തിപ്പും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്തമാണ്. 'പ്രസിഡൻഷ്യൽ ആൻഡ് വൈസ് പ്രസിഡൻഷ്യൽ ഇലക്ഷൻ ആക്ട്, 1952", 'പ്രസിഡൻഷ്യൽ ആൻഡ് വൈസ് പ്രസിഡൻഷ്യൽ ഇലക്ഷൻ റൂൾസ്, 1974" എന്നിവയാണ് ഈ തിരഞ്ഞെടുപ്പ് പ്രക്രിയയെ നിയന്ത്രിക്കുന്നത്.
ലോക്‌സഭയിലെയും രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ടതും നോമിനേറ്റ് ചെയ്യപ്പെട്ടതുമായ എല്ലാ അംഗങ്ങളും ചേർന്നതാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള ഇലക്ടറൽ കോളേജ്. സാധാരണ തിരഞ്ഞെടുപ്പുകളിൽ പാർട്ടി നിർദ്ദേശങ്ങൾ (whip) അംഗങ്ങൾ പാലിക്കണമെങ്കിലും, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ അത് നിർബന്ധമല്ല. അവർക്ക് സ്വന്തം ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാം. 1952-ലെ നിയമം അനുസരിച്ചുള്ള ഒറ്റ കൈമാറ്റ വോട്ട് (Single Transferable Vote) വഴിയുള്ള ആനുപാതിക പ്രാതിനിദ്ധ്യ സമ്പ്രദായമനുസരിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രഹസ്യ ബാലറ്റിലൂടെ ആയിരിക്കും വോട്ടിംഗ്.
നോമിനേഷൻ
എങ്ങനെ?
വെറുതെ ആർക്കും സ്ഥാനാർത്ഥിയാകാൻ കഴിയില്ല. 1952-ലെ നിയമത്തിലെ സെക്ഷൻ 6 (1) അനുസരിച്ച്, ഓരോ സ്ഥാനാർത്ഥിയും കുറഞ്ഞത് ഇരുപത് വോട്ടർമാർ പിന്തുണയ്ക്കുന്നവരും (proposers), ഇരുപത് വോട്ടർമാർ പിന്താങ്ങുന്നവരും (seconders) ആയിരിക്കണം. പതിനയ്യായിരം രൂപ കെട്ടിവയ്ക്കുണം. വോട്ടുകളുടെ ആറിലൊന്ന് കിട്ടിയില്ലെൽ ഈ തുക നഷ്ടമാകും.
പതിവനുസരിച്ച്, പാർലമെന്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെയാണ് റിട്ടേണിംഗ് ഓഫീസറായി തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമിക്കുന്നത് (1974ലെ നിയമത്തിലെ റൂൾ 3(1)). നാമനിർദ്ദേശ പത്രികകൾ സൂക്ഷ്മമായി പരിശോധിക്കുകയും (റൂൾ 7(1)), വോട്ടെണ്ണിക്കഴിഞ്ഞ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചയാളെ റിട്ടേണിംഗ് ഓഫീസർ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്യും (റൂൾ 30). തിരഞ്ഞെടുപ്പ് കമ്മിഷൻ ഇപ്പോൾ ഇലക്ടറൽ കോളേജ് തയ്യാറാക്കൽ, ഉദ്യോഗസ്ഥരെ നിയമിക്കൽ തുടങ്ങിയ പ്രാഥമിക നടപടികളിലാണ്. ഈ നടപടികൾ പൂർത്തിയാകുമ്പോൾ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും.
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 66 (3) അനുസരിച്ച്, ഒരു വ്യക്തിക്ക് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടാൻ ഇനി പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം: ഇന്ത്യൻ പൗരനായിരിക്കണം, 35 വയസ് പൂർത്തിയായിരിക്കണം. ഇത് അനുച്ഛേദം 66 (3) (ബി)- യിൽ വ്യക്തമാക്കുന്നു. രാജ്യസഭാംഗമാകാൻ ആവശ്യമായ എല്ലാ യോഗ്യതകളും ഉണ്ടായിരിക്കണം. കേന്ദ്ര സർക്കാരിന്റെയോ ഏതെങ്കിലും സംസ്ഥാന സർക്കാരുകളുടെയോ പ്രാദേശിക അതോറിറ്റിയുടെയോ, അല്ലെങ്കിൽ ഏതെങ്കിലും പൊതു അതോറിറ്റിയുടെയോ കീഴിൽ ലാഭകരമായ ഏതെങ്കിലും പദവി വഹിക്കുന്ന ആളായിരിക്കരുത്.
ഇന്ത്യയുടെ ഉപരാഷ്ട്രപതിമാർ (സ്വാതന്ത്ര്യം മുതൽ):
ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ (1952-1962) ഡോ. സക്കീർ ഹുസൈൻ (1962-1967) വി.വി. ഗിരി (1967-1969) ഗോപാൽ സ്വരൂപ് പാഠക് (1969-1974) ബി.ഡി. ജെട്ടി (1974-1979) മുഹമ്മദ് ഹിദായത്തുള്ള (1979-1984) ആർ. വെങ്കടരാമൻ (1984-1987) ഡോ. ശങ്കർ ദയാൽ ശർമ്മ (1987-1992) കെ.ആർ. നാരായണൻ (1992-1997) കൃഷൻ കാന്ത് (1997-2002) ഭൈറോൺ സിംഗ് ശെഖാവത്ത് (2002-2007) മുഹമ്മദ് ഹാമിദ് അൻസാരി (2007-2017) വെങ്കയ്യ നായിഡു (2017-2022) ജഗ്ദീപ് ധൻഖർ (2022-2025 ജൂലായ്)
ഇത് ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയിലെ ഒരു പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ്. പുതിയ ഉപരാഷ്ട്രപതി ആരായിരിക്കും എന്ന് നമുക്ക് കാത്തിരുന്ന് കാണാം!