റഷ്യൻ ആണവ നിലയത്തിൽ യുക്രെയിന്റെ ഡ്രോൺ ആക്രമണം

Monday 25 August 2025 6:59 AM IST

മോസ്‌കോ: തന്ത്രപ്രധാനമായ കുർസ്‌ക് ആണവനിലയം അടക്കം റഷ്യയിലെ ഊർജ്ജ കേന്ദ്രങ്ങളിലേക്ക് ഡ്രോൺ ആക്രമണം നടത്തി യുക്രെയിൻ. യുക്രെയിന്റെ 34 -ാം സ്വാതന്ത്ര്യ ദിനമായിരുന്നു ഇന്നലെ. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാട്ടം തുടരുമെന്നും റഷ്യക്ക് മുന്നിൽ തോറ്റു കൊടുക്കില്ലെന്നും കീവിൽ നടന്ന സ്വാതന്ത്ര്യദിന പരിപാടിയിൽ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പ്രഖ്യാപിച്ചു.

ഇന്നലെ പുലർച്ചെ മുതൽ റഷ്യയിലെ പന്ത്രണ്ടിലേറെ പ്രദേശങ്ങൾക്ക് നേരെ നൂറോളം ഡ്രോണുകളാണ് യുക്രെയിൻ വിക്ഷേപിച്ചത്. യുക്രെയിൻ അതിർത്തിയിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് കുർസ്‌ക് ആണവനിലയം. നിലയത്തെ ലക്ഷ്യമാക്കിയ ഡ്രോണിനെ റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനം വെടിവച്ചിട്ടു.

എന്നാൽ,നിലയത്തിന് സമീപത്തെ ചെറു ട്രാൻസ്‌ഫോർമറിന് സമീപത്ത് വച്ച് ഡ്രോൺ പൊട്ടിത്തെറിച്ചു. ഇതോടെ നിലയത്തിന്റെ മൂന്നാം നമ്പർ റിയാക്ടറിന്റെ പ്രവർത്തന ശേഷിയിൽ 50 ശതമാനം കുറവു വരുത്തേണ്ടി വന്നതായി അധികൃതർ വ്യക്തമാക്കി. നിലയത്തിലെ ട്രാൻസ്‌ഫോർമറിന് തീപിടിച്ചതായി യു.എന്നിന്റെ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയും സ്ഥിരീകരിച്ചു.

വൻ തീപിടിത്തം

 കുർസ്‌കിൽ നിന്ന് 1,000 കിലോമീറ്റർ അകലെ വടക്ക്, ലെനിൻഗ്രാഡ് മേഖലയിലെ ഉസ്റ്റ് ലുഗ തുറമുഖത്തെ ലക്ഷ്യമാക്കിയ 10 യുക്രെയിൻ ഡ്രോണുകളെ റഷ്യ തകർത്തു

 ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചതോടെ നോവാടെക് കമ്പനിയുടെ നിയന്ത്രണത്തിലെ ഇന്ധന ടെർമിനലിൽ വൻ തീപിടിത്തമുണ്ടായി

 റഷ്യയുടെ തെക്ക് സിസ്രാനിലുണ്ടായ ആക്രമണത്തിൽ ഒരു കുട്ടിയ്ക്ക് പരിക്കേറ്റു

 തലസ്ഥാനമായ മോസ്‌കോയെ ലക്ഷ്യമാക്കിയ ഡ്രോണിനെയും തകർത്തു

 ആക്രമണ പശ്ചാത്തലത്തിൽ പുൽക്കോവോ, നിഷ്‌നി നോൾവ്‌ഗൊറോഡ്, സമറ എന്നിവ അടക്കം റഷ്യയിലെ വിവിധ വിമാനത്താവളങ്ങളിലെ പ്രവർത്തനം മണിക്കൂറുകളോളം നിറുത്തിവച്ചു.

കനേഡിയൻ ആയുധങ്ങൾ

100 കോടി കനേഡിയൻ ഡോളർ വിലമതിക്കുന്ന ആയുധങ്ങളും കവചിത വാഹനങ്ങളും യുക്രെയിന് നൽകുമെന്ന് കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണി. അടുത്ത മാസം വിതരണം തുടങ്ങും. ഇന്നലെ കീവിൽ യുക്രെയിന്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ സെലെൻസ്കിയ്ക്കൊപ്പം പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

സമാധാന

ശ്രമങ്ങൾക്ക് തിരിച്ചടി

യുക്രെയിനും റഷ്യയും പരസ്പരം ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കുന്നത് മൂന്ന് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാണ്. സെലെൻസ്കിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിലെ ചർച്ചയ്ക്കായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന ശ്രമങ്ങളും വിഫലമായേക്കും. വ്യാഴാഴ്ച യുക്രെയിന് നേരെ 574 ഡ്രോണുകളും 40 മിസൈലുകളുമാണ് റഷ്യ വിക്ഷേപിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പിന്നാലെ റഷ്യയിലെ ബ്രയാൻസ്‌കിലുണ്ടായ യുക്രെയിൻ ഡ്രോൺ ആക്രമണത്തിൽ ഹംഗറി, സ്ലോവാക്യ എന്നിവിടങ്ങളിലേക്ക് എണ്ണ കൊണ്ടുപോകുന്ന പൈപ്പ് ലൈന് കേടുപാടുണ്ടായി. എണ്ണ വിതരണം തടസപ്പെടുകയും ചെയ്തു. ശനിയാഴ്ച കിഴക്കൻ യുക്രെയിനിലെ രണ്ട് ഗ്രാമങ്ങൾ റഷ്യ പിടിച്ചെടുത്തിരുന്നു.