റീഗനൊപ്പമുള്ള അജ്ഞാത മനുഷ്യൻ വേഷം മാറിയെത്തിയ പുട്ടിനോ ?!

Monday 25 August 2025 7:09 AM IST

മോസ്‌കോ: വൈറ്റ് ഹൗസ് മുൻ ഫോട്ടോഗ്രാഫർ ആയിരുന്ന പീറ്റ് സൂസ പകർത്തിയ ചിത്രമാണിത്. അമേരിക്കയുടെ 40 -ാമത്തെ പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗൻ 1988ൽ മോസ്കോയിലെത്തിയപ്പോൾ ഒരു ബാലന് ഹസ്‌‌തദാനം നൽകുന്ന ഫോട്ടോ. അന്ന് സോവിയറ്റ് യൂണിയന്റെ നേതാവായിരുന്ന മിഖായേൽ ഗോർബച്ചേവിനൊപ്പം റെഡ് സ്‌ക്വയർ സന്ദർശിക്കുകയായിരുന്നു റീഗൻ.

എന്നാൽ, ആ ബാലന് പിന്നിലായി ഒരു ടൂറിസ്റ്റിനെ പോലെ തോന്നിക്കുന്ന ബ്ലോണ്ട് നിറത്തിലെ തലമുടിയോട് കൂടിയ ഒരാളെ കാണാം. അയാളുടെ കഴുത്തിൽ ഒരു ക്യാമറയും കാണാം. ഈ അജ്ഞാത മനുഷ്യന് ഇന്നത്തെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി അസാമാന്യ സാമ്യമുള്ളതായും കാണാം. ഇയാൾ ഒരു പക്ഷേ, ശരിക്കും പുട്ടിൻ തന്നെയായിരുന്നോ ? ചിത്രം പകർത്തിയ പീറ്റ് സൂസ തന്നെയാണ് വർഷങ്ങൾക്ക് മുന്നേ ഈ സംശയം ലോകത്തിന് മുന്നിൽ ഉന്നയിച്ചത്.

1983 മുതൽ റീഗന്റെ കാലാവധി അവസാനിക്കുന്നത് വരെ വൈറ്റ് ഹൗസിലെ ഔദ്യോഗിക ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചിരുന്നു സൂസ. 1993ൽ ' അൺഗാർഡഡ് മോമന്റ്സ് " എന്ന പേരിൽ റീഗന്റെ പ്രസിഡൻഷ്യൽ കാലയളവിലെ ഫോട്ടോകൾ ചേർത്ത് ഒരു പുസ്തകം സൂസ പുറത്തിറക്കിയിരുന്നു. ആ പുസ്തകത്തിൽ റീഗന്റെ റഷ്യൻ സന്ദർശനത്തിൽ നിന്നുള്ള ഈ ഫോട്ടോ സൂസ ഉൾപ്പെടുത്തിയിരുന്നു.

പുസ്തകം പുറത്തിറങ്ങി ഏകദേശം പത്ത് വർഷങ്ങൾക്ക് ശേഷം സൂസയ്ക്ക് ഒരു കത്ത് ലഭിച്ചു. 'റീഗന്റെയും വ്ലാഡിമിർ പുട്ടിന്റെയും ഫോട്ടോയാണ് പകർത്തിയതെന്ന കാര്യം സൂസയ്ക്ക് അറിയാമായിരുന്നോ " എന്നാണ് ആ കത്തെഴുതിയ ആൾ ചോദിച്ചത്. കത്ത് വായിച്ച സൂസ ആദ്യം ഞെട്ടി.

തുടർന്ന് കാലിഫോർണിയയിലെ റൊണാൾഡ് റീഗൻ പ്രസിഡൻഷ്യൽ ലൈബ്രറി, ജോർജ് ബുഷ് ഭരണകൂടത്തിന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഓഫീസ് എന്നിവിടങ്ങളുമായി അദ്ദേഹം ബന്ധപ്പെട്ടു. ഫോട്ടോയിൽ പുട്ടിനുമായി സാമ്യമുള്ള ആ ടൂറിസ്റ്റ് ആരാണെന്ന് അറിയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

സോവിയറ്റ് ചാര സംഘടനയായ കെ.ജി.ബിയിൽ സീക്രട്ട് ഏജന്റായിരുന്നു പുട്ടിൻ. 23 -ാം വയസിൽ കെ.ജി.ബിയുടെ ഭാഗമായ പുട്ടിൻ 1980കളുടെ അവസാനം കിഴക്കൻ ജർമ്മനി ആസ്ഥാനമാക്കിയാണ് പ്രവർത്തിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ. റീഗന്റെ സന്ദർശന വേളയിൽ ആവശ്യത്തിലേറെ കെ.ജി.ബി ഏജന്റുമാർ മോസ്കോയിലുണ്ടായിരുന്നു.

ഫോട്ടോയിലുള്ളത് പുട്ടിൻ ആണെങ്കിൽ തന്നെ എന്തുകൊണ്ടാണ് അദ്ദേഹം അവിടെയെത്തിയതെന്ന് വ്യക്തമല്ല. എന്നാൽ, ഫോട്ടോയിൽ പുട്ടിൻ ആകാനിടയില്ലെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഫോട്ടോയിലുള്ളത് പുട്ടിൻ അല്ലെന്ന് 2009ൽ പുട്ടിന്റെ വക്താവും പ്രതികരിച്ചിരുന്നു.