ഇസ്രയേൽ പ്രഹരത്തിൽ വിറച്ച് ഗാസ സിറ്റി

Monday 25 August 2025 7:10 AM IST

ടെൽ അവീവ്: ഗാസ സിറ്റിയുടെ കിഴക്കൻ, വടക്കൻ പ്രദേശങ്ങളിലെ കെട്ടിടങ്ങളും വീടുകളും തകർത്തെറിഞ്ഞ് ഇസ്രയേൽ ആക്രമണം. സെയ്‌തൂൻ, ഷജൈയ്യ, ജബലിയ എന്നിവിടങ്ങളിൽ ഇസ്രയേലി യുദ്ധവിമാനങ്ങളും ടാങ്കുകളും ഒരേ സമയം ആക്രമണം ശക്തമാക്കി. ഗാസ സിറ്റിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്രയേൽ പദ്ധതിയുടെ ആദ്യ ഘട്ടമാണ് ഈ ആക്രമണങ്ങൾ. ടണലുകൾ അടക്കം ഹമാസിന്റെ കേന്ദ്രങ്ങൾ തുടച്ചുനീക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം.

അതിനിടെ, ഹമാസ് കീഴടങ്ങി മുഴുവൻ ബന്ദികളെയും മോചിപ്പിക്കുന്നതുവരെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. മദ്ധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്റ്റും നടത്തുന്ന വെടിനിറുത്തൽ ശ്രമങ്ങൾക്ക് ഇത് തിരിച്ചടിയാകും. ഇരുരാജ്യങ്ങളും ചേർന്ന് ആവിഷ്കരിച്ച 60 ദിവസത്തെ വെടിനിറുത്തൽ നിർദ്ദേശം അംഗീകരിക്കാമെന്ന് ഹമാസ് അറിയിച്ചെങ്കിലും ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.

ജീവനോടെയുള്ള 10 ബന്ദികളെയും 18 ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ് വിട്ടുനൽകണമെന്നും പകരം, ഇസ്രയേലി ജയിലുകളിലുള്ള നൂറുകണക്കിന് പാലസ്തീനികളെ മോചിപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഗാസയിൽ തുടരുന്ന 50ഓളം ബന്ദികളിൽ ഏകദേശം 20 പേർ മാത്രമാണ് ജീവനോടെയുള്ളത്. എല്ലാ ബന്ദികളെയും വിട്ടുകിട്ടണമെന്നാണ് ഇസ്രയേലിന്റെ നിലപാട്.

# പട്ടിണി മരണം ഉയരുന്നു

115 കുട്ടികൾ അടക്കം 289 പേരാണ് ഇതുവരെ ഗാസയിൽ പട്ടിണി മൂലം മരിച്ചത്. 24 മണിക്കൂറിനിടെ 8 പേർ ഭക്ഷണം കിട്ടാതെ മരിച്ചു. ഇന്നലെ 20 ഓളം പേർ കൂടി കൊല്ലപ്പെട്ടതോടെ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 62,680 കടന്നു.