വിവാഹസമ്മാനമായി കിട്ടിയത് സ്കോർപിയോ, എൻഫീൽഡ്, സ്വർണം, എന്നിട്ടും 36 ലക്ഷത്തിനായി ഭാര്യയെ കൊലപ്പെടുത്തി
നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ സ്ത്രീധനത്തിനുവേണ്ടി 28കാരിയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം ഏറെ ചർച്ചയായിരുന്നു. സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിയുടെ ഭർത്താവ് വിപിൻ ഭാട്ടിയ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പൊലീസ് മുട്ടിനുതാഴെ വെടിവച്ചിരുന്നു. നിക്കി ഭാട്ടിയയെ കൊലപ്പെടുത്തിയ കേസിൽ വിപിനൊപ്പം അമ്മ ദയയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
2016ൽ വിവാഹിതരായവരാണ് വിപിനും നിക്കിയും. വിവാഹസമ്മാനമായി സ്കോർപ്പിയോ കാർ, റോയൽ എൻഫീൽഡ് ബൈക്ക് എന്നിവയും ഒപ്പം ധാരാളം സ്വർണവും പണവും വിപിന് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് 36 ലക്ഷം രൂപ കൂടി വേണമെന്ന് നിക്കിയോട് വിപിനും കുടുംബവും ആവശ്യപ്പെട്ടത്. ഈ പണം കണ്ടെത്താൻ നിക്കിയ്ക്ക് കഴിയാതെ വന്നതോടെയാണ് വിപിനും മാതാവ് ദയയും ചേർന്ന് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. വിപിന്റെ അച്ഛൻ സത്യവീർ, സഹോദരൻ രോഹിത് എന്നിവർ നിലവിൽ ഒളിവിലാണ്.
ഓഗസ്റ്റ് 21നായിരുന്നു സംഭവം. അമ്മയെ ഉപദ്രവിക്കുന്നത് കണ്ടതായി വിപിനെതിരെ മകൻ മൊഴി നൽകിയിട്ടുണ്ട്. അതേസമയം, സംഭവത്തിൽ കുറ്റബോധമില്ലെന്നും നിക്കി സ്വയം മരിച്ചതാണെന്നും ആശുപത്രിയിൽ വച്ച് വിപിൻ പറഞ്ഞു. വ്യാഴാഴ്ച ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് നിക്കി മരിച്ചത്. തുടർന്നാണ് വിപിനെ അറസ്റ്റ് ചെയ്തത്. വിപിനും അമ്മ ദയയും ചേർന്ന് സ്ത്രീധനത്തിന്റെ പേരിൽ നിക്കിയെ തീകൊളുത്തിയതെന്നാണ് പൊലീസ് പറയുന്നത്.