ഇന്ത്യയ്‌ക്കെതിരെ ട്രംപ് അധിക തീരുവ പ്രഖ്യാപിച്ചത് റഷ്യയെ ഉദ്ദേശിച്ചെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്
വാഷിംഗ്‌ടൺ: ഇന്ത്യയ്‌ക്കുള്ള ഇറക്കുമതി തീരുവ 25 ശതമാനം അധികമായി അമേരിക്ക വർദ്ധിപ്പിച്ചത് ദിവസങ്ങൾക്ക് മുൻപാണ്. ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 25 ശതമാനത്തിന് പുറമേ 25 ശതമാനം കൂടി ചേർന്ന് നിലവിൽ 50 ശതമാനമാണ് തീരുവ. എന്നാൽ ഇന്ത്യയ്‌ക്ക് എതിരെ പ്രസിഡന്റ് ട്രംപിന്റെ അധിക തീരുവ പ്രഖ്യാപനം യുക്രെയിൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് ന്യായീകരിക്കുകയാണ് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്.
'ട്രംപ് ഇന്ത്യയ്‌ക്കെതിരെ ആക്രമണോത്സുകമായ സാമ്പത്തിക നടപടി പ്രഖ്യാപിച്ചത്, റഷ്യക്കാർ അവരുടെ എണ്ണ സമ്പദ്‌വ്യവസ്ഥ വഴി പണക്കാരാകുന്നത് തടയാനാണ്.' വാൻസ് ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചു. യുക്രെയിനിന് മേൽ റഷ്യ ആക്രമണം നടത്തുന്നത് തടയിടാനാണ് ഈ നടപടിയെന്ന് ജെ ഡി വാൻസ് ന്യായീകരിച്ചു. റഷ്യ-യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് ഫലപ്രദമായി സാധിക്കുമെന്ന് വാൻസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.ഇന്ത്യയ്‌ക്ക് റഷ്യ വിലക്കുറവിൽ എണ്ണ നൽകുന്നതിന് മുൻപുതന്നെ അമേരിക്ക എതിരായിരുന്നു.
റഷ്യ-യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനാകുമെന്ന് വാൻസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളിൽ നിന്നും അത്തരത്തിൽ നടപടികൾ കഴിഞ്ഞ ആഴ്‌ചകളിലുണ്ടായി എന്നദ്ദേഹം പറഞ്ഞു. റഷ്യ ആക്രമണം നിർത്തിയില്ലെങ്കിൽ അവരെ ഒറ്റപ്പെടുത്തുമെന്ന ഭീഷണിയും വാൻസ് മുഴക്കി.
ട്രംപ് രണ്ടാമത് ഭരണമേറ്റെടുത്ത ശേഷം ഇന്ത്യ-അമേരിക്ക ബന്ധം അത്ര നല്ലരീതിയിലല്ല മുന്നോട്ട് പോകുന്നത്. നിലവിൽ 50 ശതമാനത്തോളം തീരുവ ഇന്ത്യയ്‌ക്ക് മേൽ റഷ്യൻ സൗഹൃദം ആരോപിച്ച് അമേരിക്ക ചുമത്തുന്നുണ്ട്. എന്നാൽ റഷ്യൻ ക്രൂഡോയിൽ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന ചൈനയ്‌ക്കോ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്കോ നേരെ അമേരിക്ക നടപടി കടുപ്പിച്ചിട്ടില്ല.