ലണ്ടനിലെ ഇന്ത്യൻ റെസ്‌റ്റോറന്റിന് തീപിടിച്ച സംഭവം, 54കാരനെയും 15 വയസുള്ള ആൺകുട്ടിയെയും കസ്റ്റഡിയിലെടുത്ത് പൊലീസ്

Monday 25 August 2025 9:11 AM IST

ലണ്ടൻ: ഈസ്റ്റ് ലണ്ടനിൽ ഇന്ത്യൻ ഹോട്ടലിന് നേരെയുണ്ടായ ആക്രമണത്തിൽ അ‌ഞ്ചുപേർക്ക് പരിക്കേറ്റ സംഭവത്തിൽ രണ്ടുപേർ പൊലീസ് കസ്‌റ്റഡിയിൽ. വെള്ളിയാഴ്‌ച വൈകുന്നേരം വുഡ്‌ഫോർഡ് അവന്യുവിലെ ഇന്ത്യൻ ആരോമ എന്ന ഹോട്ടലിനാണ് തീപിടിച്ചത്. സംഭവത്തിൽ പരിക്കേറ്റവരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. ഒരു പുരുഷനും ഒരു സ്‌ത്രീയ്‌ക്കുമാണ് ഗുരുതര പരിക്കുള്ളതെന്നാണ് വിവരം. ഇതിൽ ഒരാൾ പൂർണമായും തീ കത്തി ഹോട്ടലിന് പുറത്തേക്ക് ഇറങ്ങിയോടുന്നത് കണ്ടുവെന്നാണ് ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നത്.

മെട്രോപൊലിറ്റൻ പൊലീസ് നൽകുന്ന വിവരമനുസരിച്ച് ഒരു 15 വയസുള്ള ആൺകുട്ടിയും 54കാരനായ മറ്റൊരാളുമാണ് സംഭവത്തിൽ പിടിയിലായത്. ഇവരാണ് ഹോട്ടലിന് തീയിട്ടതെന്നാണ് കരുതുന്നത്. വെള്ളിയാഴ്‌ച രാത്രി ഒൻപത് മണിയോടെയാണ് ഹോട്ടലിന് തീപിടിച്ചത്. ഏകദേശം ഒന്നര മണിക്കൂർ പണിപ്പെട്ടാണ് ഫയർഫോഴ്‌സ് തീ കെടുത്തിയത്. നിലവിൽ പരിക്കേറ്റ അഞ്ചുപേർക്ക് പുറമേ മറ്റ് രണ്ടുപേർക്കുകൂടി പരിക്കുണ്ട് എന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ ഇവർ രക്ഷാപ്രവർത്തകർ എത്തുംമുൻപ് ഹോട്ടലിൽ നിന്നും ഓടിപ്പോയി. ഇവരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. പത്തോളം പേർ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. അക്രമികളെക്കുറിച്ച് അറിയുന്ന വിവരങ്ങൾ ഉടൻ തങ്ങളെ അറിയിക്കണമെന്ന് ജനങ്ങളോട് പൊലീസ് ആവശ്യപ്പെട്ടു.