ഇതര സംസ്ഥാനക്കാരുടെ ഈ തട്ടിപ്പിൽ ഇനിയും വീഴരുതേ, റിട്ടയേർഡ് അദ്ധ്യാപകന് പോയത് രണ്ടരക്കോടി രൂപ
കാഞ്ഞങ്ങാട്: ഡിജിറ്റൽ അറസ്‌റ്റെന്ന് ഭീഷണിപ്പെടുത്തി ഓൺലൈൻ തട്ടിപ്പ് സംഘം റിട്ട. അദ്ധ്യാപകനിൽ നിന്ന് 2.4 കോടി തട്ടി. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു. തെരുവത്ത് ലക്ഷ്മി നഗറിൽ മഖാം റോഡിലെ കെ.വി ക്വാർട്ടേഴ്സിൽ റിട്ട. പ്രധാനാദ്ധ്യാപകൻ വിഷ്ണു എമ്പ്രാന്തിരിയുടെ പണമാണ് നഷ്ടമായത്.
ഇയാളുടെ ഭാര്യ ഹോമിയോ ഡോക്ടർ കെ.പി.പ്രസന്നകുമാരിയുടെ അക്കൗണ്ടിലെ പണവും തട്ടിയെടുക്കാനുള്ള ശ്രമമുണ്ടായെങ്കിലും അടുത്ത ബന്ധു ഇടപെട്ടതിനെ തുടർന്ന് പണം നഷ്ടമായില്ല.
കഴിഞ്ഞ എട്ടാം തീയതി മുതലാണ് ട്രായിയിൽ നിന്നാണെന്ന് പറഞ്ഞ് ആദ്യം ഇവർക്ക് കോൾ ലഭിച്ചത്. പിന്നാലെ മുംബയിൽ നിന്നുള്ള സി.ബി.ഐ സംഘമാണെന്ന് പറഞ്ഞ് വീഡിയോ കോളുമെത്തി.
യൂണിഫോം ധരിച്ച തട്ടിപ്പുകാരൻ, പ്രസന്നകുമാരിയുടെ അക്കൗണ്ടിലേക്ക് 20 ലക്ഷം രൂപ 2022 മുതൽ വന്നത് സംബന്ധിച്ച പ്രശ്നമാണ് ഉന്നയിച്ചത്. സംശയകരമായ സാമ്പത്തിക ഇടപാട് സംബന്ധിച്ച കേസിൽ ഇവരെ ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും അനുവാദമില്ലാതെ വീടുവിട്ട് പുറത്തുപോകരുതെന്നും പറഞ്ഞു. ഹിന്ദി ഭാഷയിൽ സംസാരിക്കുന്നയാളും പരിഭാഷകരുമായിരുന്നു ഇവരോട് സംസാരിച്ചത്. ഇവരുടെ ആധാർ കാർഡിന്റെ കോപ്പി കാണിച്ച് വിശ്വാസം നേടിയെടുത്ത സംഘം നിരപരാധികളാണെന്ന് എഴുതി ഫോട്ടോ പതിച്ച് കൈയൊപ്പിട്ട് നല്കാൻ ഇരുവരോടും ആവശ്യപ്പെട്ടു.
ഇങ്ങനെ ചെയ്ത ശേഷം പിന്നീട് പല ഫോണുകളിൽ നിന്നും വിളിച്ചു. ഇവരുടെ കൈയിലുള്ള പണം വെരിഫൈ ചെയ്യാനായി തങ്ങൾ പറയുന്ന അക്കൗണ്ടുകളിലേക്ക് അയക്കാനുള്ള നിർദ്ദേശം സ്വീകരിച്ച് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലുൾപ്പെടെയുള്ള വിഷ്ണു എമ്പ്രാന്തിരിയുടെ നിക്ഷേപം കൈമാറുകയായിരുന്നു.
21ാം തീയതി വരെ വിവിധ ദിവസങ്ങളിൽ തട്ടിപ്പ് സംഘം ബന്ധപ്പെട്ടിരുന്നു. ഭാര്യയുടെ അക്കൗണ്ടിലെ പണം കൂടി അയക്കാൻ ആവശ്യപ്പെട്ടതോടെ അടുത്ത ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കബളിപ്പിക്കപ്പെട്ടതാണെന്ന് മനസിലാക്കിയാണ് സൈബർ പൊലീസിൽ പരാതി നല്കിയത്.