രാഹുലിന്റെ രാജിയില്ല; പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്‌പെൻഡ് ചെയ്തത്. ഗർഭഛിദ്രത്തിന് പ്രേരിപ്പിപ്പിക്കുകയും അതിന് വഴങ്ങാത്തതിന് സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്നുമുള്ള ആരോപണങ്ങൾ ഉയർന്നതോടെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവി രാജിവച്ച് ഒഴിഞ്ഞിരുന്നു. പിന്നാലെയാണ് പാർട്ടിയുടെ സസ്‌പെൻഷൻ നടപടി. എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും.
രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ട്. രാജിവയ്ക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും ഇപ്പോൾ സസ്‌പെൻഷനിൽ ഒതുക്കിയിരിക്കുകയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ രാഹുലിനെ മത്സരിപ്പിക്കില്ല. നിയമസഭയിൽ നിന്ന് അവധിയെടുക്കാൻ പാർട്ടി നിർദ്ദേശിച്ചെന്നാണ് വിവരം. പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട രാഹുലിനോട് കെപിസിസി വിശദീകരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് നീക്കം.
രാഹുൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഉമാ തോമസ്, ഷാനി മോൾ ഉസ്മാൻ, കെ മുരളീധരൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ രംഗത്തെത്തിയിരുന്നു. യുവനടി റിനിയുടെ ആരോപണങ്ങൾ നിഷേധിച്ച് വ്യാഴാഴ്ച വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെ കൂടുതൽ യുവതികൾ രാഹുലിന്റെ പീഡനങ്ങൾ വെളിപ്പെടുത്തിയതോടെ പാർട്ടി വലിയ പ്രതിരോധത്തിലേക്ക് കടന്നിരുന്നു.