സാരി ഉടുപ്പിക്കാൻ അറിയാമോ? രണ്ട് ലക്ഷം രൂപ വരെ സമ്പാദിക്കാം, പ്രതീക്ഷിക്കാത്ത വരുമാനം കൈയിലെത്തും

Monday 25 August 2025 11:00 AM IST

സാരി ഉടുപ്പിച്ച് കൊടുക്കാൻ അറിയാമോ? എങ്കിൽ ലക്ഷങ്ങൾ സമ്പാദിക്കാം. കേൾക്കുന്നവർക്ക് ഇതൊരു തമാശയായി തോന്നിയേക്കാം. എന്നാൽ സാരി ഉടുപ്പിച്ച് കൊടുത്ത് ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരു വീട്ടമ്മയെ പരിചയപ്പെടാം. ഡോളി ജെയിൻ എന്ന യുവതിയുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം.

വിവാഹശേഷം സാരിമാത്രം ധരിച്ചിരുന്ന യുവതി എന്തുകൊണ്ട് വ്യത്യസ്ത സ്​റ്റൈലുകൾ പരീക്ഷിച്ചുകൂടായെന്ന് ചിന്തിച്ചു. അങ്ങനെ പല തരത്തിലുളള സ്​റ്റൈലുകളിൽ യുവതി സാരി ഉടുക്കുകയായിരുന്നു. സുഹൃത്തുക്കൾക്കും യുവതി പല രീതിയിലും സാരി ഉടുപ്പിച്ചുകൊടുക്കുമായിരുന്നു. അധികം വൈകാതെ ഡോളിയെ തേടി വലിയ അവസരങ്ങൾ വന്നെത്തി. പല സ്ഥലങ്ങളിലുളള സ്ത്രീകൾക്കും ബ്യൂട്ടീഷൻമാർക്കും സാരി എങ്ങനെയാണ് ഉടുപ്പിക്കേണ്ടതെന്ന ക്ലാസുകളും യുവതി നൽകുമായിരുന്നു.

വെറും 18 സെക്കന്റുകൾ കൊണ്ട് ഡോളിക്ക് സാരി ഡ്രേപ്പ് ചെയ്യാൻ സാധിക്കും. അതിനോടൊപ്പം 325 ഡ്രേപ്പിംഗ് സ്​റ്റൈലുകൾ ചെയ്യാനും യുവതിക്കറിയാം. പല സിനിമാതാരങ്ങൾക്കും ഡോളി സാരി ഡ്രേപ്പ് ചെയ്തു കൊടുത്തിട്ടുണ്ട്. ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര, സോനം കപൂർ, കത്രീന കെയ്ഫ് എന്നിവരുടെ ഇഷ്ട സ്​റ്റൈലിസ്​റ്റാണ് ഡോളി. ഇപ്പോൾ ജോലി സംബന്ധമായ കാര്യങ്ങൾക്കായി താൻ വിവിധ രാജ്യങ്ങളിൽ യാത്ര ചെയ്യാറുണ്ടെന്ന് ഡോളി ഒരു മാദ്ധ്യമത്തോട് പറഞ്ഞു. പുറത്തുപോയി സാരി ഡ്രേപ്പ് ചെയ്യുന്നതിന് രണ്ട് ലക്ഷം രൂപ വരെ പ്രതിഫലമായി വാങ്ങുമെന്ന് ഡോളി പറയുന്നു.