'ഇത്രയും പ്രായമുള്ള നടന്റെ അമ്മയായി അഭിനയിക്കാൻ വിളിച്ചപ്പോൾ ഞെട്ടിപ്പോയി, ഞാൻ നോ പറഞ്ഞു'; സ്വാസിക

Monday 25 August 2025 11:19 AM IST

മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക വിജയ്. വളരെ കുറച്ച് കഥാപാത്രങ്ങളാണ് ചെയ്‌തതെങ്കിൽക്കൂടി അവയെല്ലാം ഓരോ പ്രേക്ഷകരും ഏറ്റെടുത്തവയാണ്. ഇപ്പോഴിതാ സ്വാസിക അടുത്തിടെ നൽകിയ ഒരു അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. രാം ചരണിന്റെ അമ്മവേഷം ചെയ്യാൻ തനിക്ക് ക്ഷണം കിട്ടിയെന്നാണ് നടി അഭിമുഖത്തിൽ പറയുന്നത്.

'എനിക്ക് രാംചരണിന്റെ അമ്മവേഷം ചെയ്യാൻ അവസരം കിട്ടി. പക്ഷേ, അത് ഞാൻ വേണ്ടെന്ന് വച്ചു. പെഡ്ഡി എന്ന ചിത്രത്തിലാണ് അമ്മവേഷം ചെയ്യാൻ വിളിച്ചത്. കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഞാൻ കാര്യമായി സെലക്‌ടീവ് അല്ല. തുടർച്ചയായി അമ്മ വേഷങ്ങൾ വന്നപ്പോഴാണ് ശ്രദ്ധിക്കാൻ തുടങ്ങിയത്. രാംചരണിന്റെ അമ്മയായി വിളിച്ചപ്പോഴാണ് ഞാൻ ഞെട്ടിപ്പോയത്. തെലുങ്കിൽ വലിയ ചിത്രമായിരുന്നു അത്. വലിയ ബഡ്‌ജറ്റിലുള്ള ചിത്രമാണ്. പക്ഷേ, ഞാൻ നോ പറഞ്ഞു' - സ്വാസിക പറഞ്ഞു.

ഈ അഭിമുഖത്തിന് താഴെ നിരവധിപേരാണ് സ്വാസികയെ അനുകൂലിച്ചുകൊണ്ട് കമന്റിട്ടിരിക്കുന്നത്. പലരും സ്വാസികയും രാംചരണും തമ്മിലുള്ള പ്രായവ്യത്യാസവും ചൂണ്ടിക്കാട്ടി. 1985ലാണ് രാം ചരൺ ജനിച്ചത്. സ്വാസിക 1991ലാണ് ജനിച്ചതെന്നും ആരാധകർ കമന്റിട്ടു.