സമീക്ഷ അയർലന്റ് സംഘടിപ്പിച്ച കുടിയേറ്റ വെബിനാറിൽ പങ്കെടുത്ത് ഡോ. തോമസ് ഐസക്

Monday 25 August 2025 11:37 AM IST

ലണ്ടൻ: കേരളം ലോകത്തിന് വേണ്ട ഭാവിയിലെ ജോലികളുടെ സാദ്ധ്യത മനസ്സിലാക്കി പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നുവെന്ന് മുൻ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക്. അവിടെ വിദേശ മലയാളികളുടെ സംഭാവന ശരിക്കും ഉപയോഗിക്കും. സമീക്ഷ നോർത്തേൺ അയർലന്റ് സംഘടിപ്പിച്ച "കുടിയേറ്റത്തിന്റെ യഥാർത്ഥ കാരണങ്ങൾ" എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു തോമസ് ഐസക്ക്. വെബിനാറിൽ പത്രപ്രവർത്തകനും ഗ്രന്ഥകർത്താവുമായ മണമ്പൂർ സുരേഷ് വിഷയം അവതരിപ്പിച്ചു സംസാരിച്ചു.

അയർലന്റിലെ വർണ്ണ വിവേചനത്തിന്റെയും തുടർന്നുണ്ടായ ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ചർച്ച. ഇവിടെ ജീവിക്കുന്ന എല്ലാപേർക്കും സംരക്ഷണം ലഭിക്കേണ്ടതുണ്ട്. പക്ഷേ നിരുത്തരവാദപരമായി, ആക്രമിക്കപ്പെടുന്നവരെ വിമർശിക്കുന്ന ഒരു രീതി കണ്ട് വരുന്നുണ്ട് ഇത് തികച്ചും അപലപനീയമാണ്. ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളോടൊപ്പം ചേർന്നു നിന്ന് അവരുടെ പിന്തുണയോടു കൂടി വേണം നമ്മളി പ്രശ്നങ്ങളെ നേരിടേണ്ടത് എന്ന് മണമ്പൂർ സുരേഷ് പറഞ്ഞു.

പ്രശ്നത്തിൽ അകപ്പെട്ട് പോകുന്നവരെ വിമർശിക്കുകയല്ല അവരോടൊപ്പം നിൽക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വെബിനാറിൽ സമീക്ഷ ഏരിയാ സെക്രട്ടറി ആതിര രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. ലോക കേരള സഭാംഗം ജയപ്രകാശ് സുകുമാരൻ മോഡറേറ്റർ ആയിരുന്നു. രഞ്ജു ഇലവുവാമ്പറമ്പിൽ നന്ദി പറഞ്ഞു. സമീക്ഷ ദേശീയ പ്രസിഡന്റ് രാജി രാജൻ, സെക്രട്ടേറിയറ്റ്‌ അംഗം ബൈജു നാരായണൻ, ഏരിയാ കമ്മിറ്റി അംഗങ്ങൾ ആയ വൈശാഖ് മോഹൻ, സുബാഷ്, പ്രദീപ് പ്ലാക്കൽ തുടങ്ങിയവർ സംസാരിക്കുകയും ചെയ്തു.