പൊലീസിനെ ആക്രമിച്ചതിന് അറസ്റ്റിലായ ആളെ സ്റ്റേഷനിൽ നിന്ന് ബലമായി മോചിപ്പിച്ച് ഡിവൈഎഫ്‌ഐ, കേസ്

Monday 25 August 2025 12:55 PM IST

മലപ്പുറം: പൊലീസിനെ ആക്രമിച്ചതിന് അറസ്റ്റിലായ ആളെ ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്റ്റേഷനിലെത്തി മോചിപ്പിച്ചു. മലപ്പുറം ചങ്ങരംകുളത്ത് ആണ് സംഭവം. ആലങ്കോട് പാറപ്പറമ്പിൽ സുഹൈലിനെ (36) ആണ് സ്റ്റേഷനിൽ നിന്ന് പുറത്തിറക്കിയത്.

പെരുമ്പിലാവിൽ ശനിയാഴ്ച രാത്രി പത്തരയോടെ സ്വകാര്യ ബസ് ജീവനക്കാരും കാർ യാത്രക്കാരുമായി തർക്കമുണ്ടായിരുന്നു. തുടർന്ന് നാട്ടുകാർ ചങ്ങരംകുളം ഹൈവേ ജംഗ്‌ഷനിൽ സംഘടിച്ചെത്തി ബസ് തടഞ്ഞു. ഗതാഗത തടസം ഉണ്ടായതിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസുകാരനെ ആക്രമിച്ചതിനാണ് സുഹൈലിനെ അറസ്റ്റ് ചെയ്തത്. ബസ് ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിരുന്നു.

സുഹൈലിനെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ ശനിയാഴ്‌ച രാത്രി വൈകി സ്റ്റേഷനിലെത്തി സംഘർഷാവസ്ഥ സൃഷ്ടിച്ചു. തിരൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. സുഹൈലിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ എടപ്പാൾ മേഖലാ സെക്രട്ടറി സിദ്ദീഖ് നീലിയാടിന്റെ നേതൃത്വത്തിൽ 15ലേറെപ്പേർ സ്റ്റേഷനിലെത്തി ബഹളം വയ്ക്കുകയും ഇന്നലെ വൈകിട്ടോടെ സുഹൈലിനെ കൊണ്ടുപോവുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. മർദ്ദനമേറ്റ പൊലീസുകാരന്റെ പരാതിയിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കേസെടുത്തു. കാർ യാത്രക്കാരന്റെയും ബസ് ജീവനക്കാരുടെയും പരാതിയിലും കേസ് എടുത്തിട്ടുണ്ട്.