വീട്ടിലെ വാട്ടർ ടാങ്ക് ഇവിടെ വയ്ക്കരുത്; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും
വീട് പണിയുന്നത് മുതൽ വാസ്തുശാസ്ത്രം നോക്കുന്ന പതിവ് മലയാളികൾക്കുണ്ട്. എന്നാൽ വീട്ടിൽ വാട്ടർ ടാങ്ക് വയ്ക്കുമ്പോൾ വാസ്തു നോക്കണമെന്ന കാര്യം പലർക്കും അറിയില്ല. വീട്ടിലുള്ള എല്ലാ വസ്തുക്കൾക്കും വാസ്തുവിൽ ഉചിതമായ സ്ഥാനമുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വാട്ടർ ടാങ്ക്. ദിശകളും സ്ഥലവും അനുസരിച്ച് വ്യത്യസ്ത ഫലമാണ് ഇത് നൽകുന്നത്.
വീടിന് മുകളിലാണ് പാെതുവെ എല്ലാവരും ടാങ്ക് വയ്ക്കുന്നത്. എന്നാൽ ഏത് ദിശയിൽ വയ്ക്കണമെന്ന് പലർക്കും അറിയില്ല. വീടിന് മുകളിൽ വാട്ടർ ടാങ്ക് വയ്ക്കുമ്പോൾ തെക്ക് - പടിഞ്ഞാറ് അല്ലെങ്കിൽ പടിഞ്ഞാറ് മൂലയിൽ ആണ് വയ്ക്കേണ്ടതെന്ന് വാസ്തുശാസ്ത്രത്തിൽ പറയുന്നു. ഇത് സാദ്ധ്യമല്ലെങ്കിൽ മാത്രം തെക്ക് അല്ലെങ്കിൽ വടക്ക് - പടിഞ്ഞാറ് ദിശയിൽ ടാങ്ക് സ്ഥാപിക്കാം.
വടക്ക് - പടിഞ്ഞാറ് ഭാഗത്ത് സ്ഥാപിക്കുന്ന ടാങ്കിന്റെ വലുപ്പം ചെറുതായിരിക്കണമെന്നും ജ്യോതിഷികൾ പറയുന്നു. കൂടാതെ വടക്ക് - പടിഞ്ഞാറെ മൂലയിൽ നിന്ന് മൂന്നടി അകലത്തിലായിരിക്കണം ടാങ്ക് സ്ഥാപിക്കേണ്ടത്. വാസ്തുശാസ്ത്രം പ്രകാരം ഒരിക്കലും വടക്ക് - കിഴക്ക് മൂലയിൽ വാട്ടർ ടാങ്ക് സ്ഥാപിക്കരുത്. ഇത് ധനനഷ്ടത്തിന് കാരണമാകുമെന്നാണ് വാസ്തുവിൽ പറയുന്നത്. തെക്ക് - കിഴക്ക് മൂല, മദ്ധ്യം എന്നിവിടങ്ങളിലും ടാങ്ക് സ്ഥാപിക്കാൻ പാടില്ലെന്നാണ് വിശ്വാസം. മഞ്ഞ, വെള്ള എന്നീ നിറങ്ങളുള്ള ടാങ്ക് തെക്ക് - പടിഞ്ഞാറ് അഭിമുഖമായി വയ്ക്കുന്നതാണ് നല്ലത്.