ഇഡി റെയ്‌ഡിനിടെ മതിൽചാടി ഓടി; ചെളിയിൽ പുതഞ്ഞ എംഎൽഎയെ ഉദ്യോഗസ്ഥർ കയ്യോടെ പിടികൂടി

Monday 25 August 2025 3:42 PM IST

കൊൽക്കത്ത: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തിയ റെയ്‌ഡിനിടെ രക്ഷപ്പെടാൻ ശ്രമിച്ച തൃണമൂൽ എംഎൽഎയെ ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടികൂടി. പശ്ചിമ ബംഗാളിലാണ് സംഭവം. ബുർവാൻ നിയമസഭാ മണ്ഡലത്തിലെ എംഎൽഎയായ ജിബൻ കൃഷ്‌ണസാഹയാണ് റെയ്‌ഡിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്.

ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ഒന്നിലധികം സ്ഥലങ്ങളിലാണ് ഇഡി റെയ്‌ഡ് നടന്നത്. ബംഗാളിലെ സ്‌കൂൾ റിക്രൂട്ട്‌മെന്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് നടക്കുന്ന ഇഡിയുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു റെയ്‌ഡ്. ജിബൻ കൃഷ്‌ണ സാഹയുടെ മുർഷിദാബാദിലെയും ഇയാളുടെ ഭാര്യയുടെ ബന്ധുക്കളുടെ കൈവശമുള്ള രഘുനാഥ്‌ഗഞ്ചിലെയും സ്വത്തുവകകളിലാണ് ഇഡി റെയ്‌ഡ് നടത്തിയത്.

ഇഡി റെയ്‌ഡിന് എത്തിയതറിഞ്ഞ ജിബൻ കൃഷ്‌ണ സാഹ വീട്ടുവളപ്പിൽ നിന്ന് മതിൽ ചാടിക്കടന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, ഇത് കണ്ട സംഘത്തിലെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ ഓടിച്ചിട്ട് പിടികൂടി. വീട്ടുവളപ്പിന് സമീപമുള്ള വയലിൽ നിന്നാണ് ജിബൻ കൃഷ്‌ണ സാഹയെ പിടികൂടിയത്. വയലിലെ ചെളിയിൽ പുതഞ്ഞ് ഓടാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു ഇയാൾ. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തന്റെ കൈവശമുള്ള ഫോണുകൾ ജിബൻ വീട്ടുവളപ്പിലെ കുളത്തിലേക്കെറിഞ്ഞു. ഈ ഫോണുകൾ ഉദ്യോഗസ്ഥർ കുളത്തിൽ നിന്ന് വീണ്ടെടുത്ത് ഫോറൻസിക് പരിശോധനയ്‌ക്കയച്ചു.

ജിബന്റെ ഭാര്യയെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. 2023 ഏപ്രിലിൽ ഇതേ വിഷയത്തിൽ സിബിഐ രജിസ്റ്റർ ചെയ്‌ത കേസിൽ ജിബൻ അറസ്റ്റിലായിരുന്നു. തുടർന്ന് മേയിൽ ഇയാൾ ജാമ്യത്തിലിറങ്ങി. റിക്രൂട്ട്‌മെന്റ് ക്രമക്കേടിലെ ക്രിമിനൽ കേസുകളാണ് സിബിഐ കൈകാര്യം ചെയ്യുന്നത്. കേസിലെ കള്ളപ്പണം വെളുപ്പിക്കൽ വിഷയങ്ങളാണ് ഇഡിയുടെ അന്വേഷണ പരിധിയിലുള്ളത്. അറസ്റ്റ് ചെയ്‌ത ജിബനെ കൊൽക്കത്തയിലെത്തിച്ച് ഇഡി കോടതിയിൽ ഹാജരാക്കും.