കെജിഎഫിലെ സ്വർണക്കടത്തുകാരൻ ഷെട്ടി ഭായി, നടൻ ദിനേഷ് മംഗളൂരു അന്തരിച്ചു
ബെംഗളുരു: പ്രശസ്ത കന്നഡ നടൻ ദിനേഷ് മംഗളുരു (63) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ കുന്ദാപുരയിലെ ഒരു ആശുപത്രിയിലായിരുന്നു അന്ത്യം. കെ.ജി.എഫ് എന്ന ചിത്രത്തിലെ സ്വർണക്കടത്തുകാരൻ ഷെട്ടിഭായി എന്ന കഥാപാത്രത്തിലൂടെ മലയാളത്തിലും പ്രശസ്തനാണ് അദ്ദേഹം.
കാന്താര 2 ചിത്രീകരണത്തിനിടെ പക്ഷാഘാതമുണ്ടായതിനെ തുടർന്ന് ദിനേശ് മംഗളരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സ പൂർത്തിയാക്കി ഉഡുപ്പിയിലെ വീട്ടിൽ വിശ്രമത്തിലിരിക്കെ തിങ്കളാഴ്ച മസ്തിഷ്ക സ്രാവമുണ്ടാകുകയായിരുന്നു.
നാടകത്തിലൂടെയാണ് ദിനേഷ് കലാരംഗത്തേക്ക് എത്തിയത്. പിന്നീട് സിനിമയിൽ സഹസംവിധായകനായും കലാസംവിധായകനായും അദ്ദേഹം തിളങ്ങി. ഏകദേശം 200 സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഉളിദവരു കണ്ടാന്തെ, രണ വിക്രമ, അംബരി, സവാരി, ഇന്തി നിന്ന പ്രീതിയ, ആ ദിനങ്ങൾ, സ്ലം ബാല, ദുർഗ, സ്മൈൽ, അതിഥി, സ്നേഹം, നാഗഭ തുടങ്ങിയവയാണ് ദിനേശ് മംഗളുരു അഭിനയിച്ച പ്രധാന ചിത്രങ്ങൾ.
ആ ദിനഗളു'വിലെ സീതാറാം ഷെട്ടി എന്ന കഥാപാത്രമാണ് അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിരിവായത്. ‘നമ്പർ 73’, ‘ശാന്തിനിവാസ്’ തുടങ്ങിയവയാണ് കലാസംവിധാനം നിർവഹിച്ച ശ്രദ്ധേയ ചിത്രങ്ങൾ.
ഭാര്യയും രണ്ട് മക്കളുമുണ്ട്.
ഭൗതീകശരീരം ബെംഗളൂരുവിലേക്ക് കൊണ്ടുവരും. ചൊവ്വാഴ്ച വൈകിട്ട് ലഗ്ഗെരെയിൽ വെച്ചായിരിക്കും സംസ്കാരച്ചടങ്ങുകൾ . . താരത്തിന്റെ മരണവാർത്ത അറിഞ്ഞ് സിനിമാ മേഖലയുടെ നാനാതുറകളിൽ നിന്ന് നിരവധി പേർ അനുശോചനമറിയിച്ചു.