രാഹുലിനെ ഇനി 'പാലക്കാട്ടേക്ക് അടുപ്പിക്കില്ല'; നേതാക്കളെ വിളിച്ച് വികാരാധീനനായി എംഎല്‍എ
തിരുവനന്തപുരം: നിരവധി യുവതികള്‍ ഉന്നയിച്ച ലൈംഗിക അരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എംഎല്‍എ ആയി തുടരും. സഭയുടെ കാലാവധി അവസാനിക്കാന്‍ ഒമ്പത് മാസത്തില്‍ താഴെ മാത്രം ബാക്കി നില്‍ക്കെ ഒരു ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കാര്യങ്ങള്‍ ഇടത് പക്ഷത്തിന് അനുകൂലമാകുമെന്ന തിരിച്ചറിവാണ് രാഹുലിന്റെ എംഎല്‍എ സ്ഥാനത്തെ സംരക്ഷിച്ചത്.
ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്നുള്ള സസ്‌പെന്‍ഷന്‍ എന്ന നടപടിയില്‍ ഒതുക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ്. രാജി വെച്ചാല്‍ പീരുമേട് മണ്ഡലത്തിലേയും പാലക്കാട് മണ്ഡലത്തിലേയും ഉപതിരഞ്ഞെടുപ്പ് തദ്ദേശ തിരഞ്ഞെടുപ്പിനൊപ്പം നടത്താന്‍ സാദ്ധ്യത തെളിയും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിജെപിയും സിപിഎമ്മും ഉപതിരഞ്ഞെടുപ്പിനെ അനുകൂലിക്കും. പാലക്കാട് മണ്ഡലത്തില്‍ രാഹുല്‍ വിഷയത്തോടെ ഉണ്ടായ പ്രതികൂല സാഹചര്യം സംസ്ഥാനത്താകെ അലയൊലിയുണ്ടാക്കും.
അങ്ങനെ സംഭവിച്ചാല്‍ അത് തദ്ദേശ തിരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന വിലയിരുത്തലാണ് രാഹുലിന്റെ രാജി ആവശ്യത്തില്‍ നിന്ന് നേതാക്കള്‍ പിന്നോട്ട് പോയതിന് പിന്നില്‍. ഒരു പരിധി വരെ പാര്‍ട്ടിക്ക് ഈ നടപടിയിലൂടെ മുഖം രക്ഷിക്കാമെന്ന് തോന്നുമെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ലെന്ന തിരിച്ചറിവ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. യഥാര്‍ത്ഥത്തില്‍ രാഹുല്‍ രാജി വയ്ക്കാതിരിക്കുന്നത് തങ്ങള്‍ക്ക് നല്ലതാണെന്ന തിരിച്ചറിവാണ് വിഷയത്തില്‍ പരസ്യമായി പ്രക്ഷോഭം ശക്തമാക്കാതെ സിപിഎം മുന്നോട്ട് പോകുന്നതിന് പിന്നില്‍.
തനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാജി ആവശ്യപ്പെട്ട പല നേതാക്കളും രാഹുലിനോട് സംസാരിക്കാന്‍ പോലും തയ്യാറായില്ല എന്നതാണ് മറ്റൊരു കാര്യം. കോണ്‍ഗ്രസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഈ വിഷയത്തോടെ ഇല്ലാതായി എന്നത് നേതാക്കളില്‍ കടുത്ത അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ വികാരാധീനനായിട്ടാണ് ഈ സാഹചര്യത്തില്‍ രാഹുല്‍ പ്രതികരിച്ചത്.
പാര്‍ട്ടി പ്രതിരോധത്തിലായപ്പോഴെല്ലാം മുന്നിട്ടിറങ്ങി അതിനെ നേരിട്ടുവെന്നും ഇപ്പോള്‍ ഒറ്റപ്പെടുത്തുകയാണെന്നും രാഹുല്‍ നേതാക്കളില്‍ ചിലരോട് പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് വന്നാല്‍ സംസ്ഥാന നേതാക്കള്‍ മുഴുവനായി പാലക്കാട് കേന്ദ്രീകരിക്കേണ്ടി വരുന്ന സാഹചര്യം പറഞ്ഞ് ബോധ്യപ്പെടുത്തിയാണ് രമേശ് ചെന്നിത്തലയെ അനുനയിപ്പിച്ചത്. രാഹുല്‍ രാജിവയ്ക്കണമെന്ന് ഏറ്റവും ശക്തമായി ആവശ്യപ്പെട്ട നേതാവ് ചെന്നിത്തലയായിരുന്നു.
'പാലക്കാട്ട് കാലുകുത്തിക്കില്ല'
2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഉറപ്പായ സീറ്റുകളില്‍ ഒന്നായിരുന്നു പാലക്കാട്. കഴിഞ്ഞ നവംബറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മിന്നും ജയം കരസ്ഥമാക്കിയ രാഹുല്‍ തന്നെ ഇവിടെ വീണ്ടും സ്ഥാനാര്‍ത്ഥിയാകുകയും ചെയ്യുമായിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇനി രാഹുലിന് പാലക്കാട് മണ്ഡലത്തില്‍ സീറ്റ് നല്‍കില്ല. പാലക്കാട് എന്നല്ല കേരളത്തില്‍ ഒരു മണ്ഡലത്തിലും രാഹുലിന് ഇനി കോണ്‍ഗ്രസ് സീറ്റ് നല്‍കില്ല. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചാല്‍ മാത്രമേ ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെക്കുറിച്ച് മാങ്കൂട്ടത്തില്‍ ചിന്തിക്കേണ്ടതുള്ളൂ. രാഹുലിന് പകരം മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ട അവസ്ഥയിലാണ് പാര്‍ട്ടിയിപ്പോള്‍.