ആശങ്കയാവുന്ന മസ്‌തിഷ്‌ക ജ്വരം
ഉയർന്ന മരണനിരക്കാണ് മസ്‌തിഷ്‌ക ജ്വരം എന്ന അസുഖം ആശങ്കയാവുന്നതിന് പ്രധാന കാരണം. കെട്ടിക്കിടക്കുന്ന മലിനജലത്തിൽ നിന്നും അഴുക്കിന്റെ അളവ് കൂടുതലുള്ള കുളം, ചാലുകൾ തുടങ്ങിയവയിൽ നിന്നുമാണ് ഈ രോഗം പകരുന്നത്. ഇത്തരം സാഹചര്യങ്ങൾ കേരളത്തിൽ വളരെ കൂടുതലായതിനാൽ അമീബിക് മസ്തിഷ്ക ജ്വരം തടയുന്നതിന് ആരോഗ്യവകുപ്പ് പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടിവരും. ആഗോള തലത്തിൽ 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. മികച്ച ആരോഗ്യ പ്രവർത്തനങ്ങളാൽ കേരളത്തിലെ മരണനിരക്ക് 25 ശതമാനമായി കുറയ്ക്കാനായതായാണ് ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞത്. എന്നിരുന്നാലും ഈ രോഗത്തെ പൂർണമായും പ്രതിരോധിക്കുന്നതിൽ ഇനിയും വിജയം നേടാനായിട്ടില്ല എന്നത് ഇക്കാര്യത്തിൽ ജനങ്ങളും ആരോഗ്യവകുപ്പും കൂടുതൽ ജാഗ്രത പുലർത്തണമെന്നതിലേക്കാണ് വിരൽചൂണ്ടുന്നത്.
വിവിധ അമീബിയ വിഭാഗത്തിലുള്ള രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം മൂർച്ഛിക്കുന്നത്. മൂക്കിലൂടെയും കർണപടത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയും അമീബിയ തലച്ചോറിനെ ബാധിക്കാം. വേനൽക്കാലത്തെ ചൂടുള്ള ജലാശയങ്ങൾ അമീബിയയ്ക്ക് വളരാൻ അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നതാണ്. എന്നാൽ മഴക്കാലത്തും ഈ രോഗം കൂടുന്നു എന്നത് രോഗനിരക്ക് ഉയരാൻ ഇടയാക്കിയിരിക്കുകയാണ്. ഇതൊരു പകർച്ചവ്യാധിയല്ല എന്നതു മാത്രമാണ് ആശ്വാസം. ബോധവത്‌കരണത്തിന്റെ ഭാഗമായി, മലിനമായ കുളങ്ങളിൽ കുളിക്കരുതെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഇത്തരം കുളങ്ങൾ കണ്ടെത്തി അവിടെ ജനങ്ങളെ പ്രവേശിപ്പിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ തദ്ദേശ വകുപ്പും സ്വീകരിക്കാൻ തയാറാകണം. പ്രത്യേകിച്ച് മുഖത്ത് പരിക്കേറ്റിട്ടുള്ളവർ ഇത്തരം ജലാശയങ്ങളിൽ കുളിക്കുന്നത് നിർബന്ധമായും ഒഴിവാക്കേണ്ടതാണ്.
വാട്ടർതീം പാർക്കുകളിലും സ്വിമ്മിംഗ് പൂളുകളിലും അടിക്കടി പരിശോധന നടത്താനും അധികൃതർ തയാറാകണം.
രോഗലക്ഷണങ്ങളെക്കുറിച്ചുള്ള ബോധവത്‌കരണം സോഷ്യൽ മീഡിയ വഴിയും പ്രോത്സാഹിപ്പിക്കപ്പെടണം. ഛർദ്ദി, വെള്ളത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്, തീവ്രമായ പനി, ഓക്കാനം തുടങ്ങിയവ പ്രധാന രോഗലക്ഷണങ്ങളാണ്. തുടക്കത്തിൽത്തന്നെ ചികിത്സ തേടാനായാൽ രക്ഷപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. 24 മണിക്കൂറിനുള്ളിൽ രോഗം കണ്ടെത്താനുള്ള സംവിധാനങ്ങളുണ്ടെങ്കിലും ഉറപ്പായും ഫലിക്കുമെന്ന് കരുതാവുന്ന മരുന്നുകൾ ലഭ്യമല്ല.
2024-ൽ കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതായുള്ള 38 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എട്ടുപേർ രോഗത്തിന് കീഴടങ്ങി. 2025-ലും സമാനമായ അവസ്ഥയാണ് നിലനിൽക്കുന്നത്. മാത്രമല്ല, രോഗത്തിന് പുതിയ വകഭേദങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രശ്നത്തിന്റെ ഗൗരവം വളരെയേറെ വർദ്ധിച്ചിരിക്കുന്നു.
അന്തരീക്ഷ താപനിലയിലെ വ്യതിയാനം അമീബയുടെ വളർച്ചയെ സഹായിക്കുന്ന ഘടകമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രതികൂല സാഹചര്യങ്ങളെപ്പോലും അതിജീവിക്കാൻ ശേഷിയുള്ളവയാണ് ഈ അമീബകൾ.
കൊവിഡ് കാലത്ത് ആളുകൾ കൈകൾ കഴുകുന്നതിലും മറ്റ് വ്യക്തിശുദ്ധികളിലും അതീവ കൃത്യത പുലർത്തിയിരുന്നത് ഇപ്പോൾ ഒട്ടാകെ കുറഞ്ഞിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്. ഈ രോഗത്തെ നേരിടാൻ ആവശ്യത്തിന് മരുന്ന് സംഭരിച്ചിട്ടുണ്ടെന്നും അനാവശ്യമായ ഭീതി വേണ്ടെന്നുമാണ് ആരോഗ്യവകുപ്പ് പറയുന്നതെങ്കിലും ജനങ്ങൾ സ്വന്തം നിലയിൽ മുൻകരുതലുകൾ എടുക്കുന്നത് നല്ലതാണ്. വിദ്യാർത്ഥികളെ ബോധവത്‌കരിക്കാൻ സ്‌കൂൾ അധികൃതരും ശ്രദ്ധപതിപ്പിക്കണം. അതോടൊപ്പം സംസ്ഥാനത്തൊട്ടാകെ ശുചീകരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും നടപടിയുണ്ടാകണം.