സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കാർഷിക ബിസിനസുകൾ വഴി സമഗ്ര മൂല്യശൃംഖലാ വികസനം
ഈ സാമ്പത്തിക വർഷം സമഗ്ര മൂല്യ ശൃംഖലാ വികസനം (Value Chain Development) ലക്ഷ്യമാക്കി ഹോർട്ടികൾച്ചർ മിഷൻ 125 കോടിയുടെ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ദേശീയ ഹോർട്ടിക്കൾച്ചർ മിഷൻ, രാഷ്ട്രീയ കൃഷി വികാസ് യോജന, നബാർഡ് തുടങ്ങിയ ഏജൻസികൾ, ഗ്രാമീണ അടിസ്ഥാന വികസന പദ്ധതി എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ദാരിദ്ര്യ നിർമാർജ്ജന പ്രവർത്തനങ്ങൾ മുതൽ ഹോർട്ടികൾച്ചർ മേഖലയിലെ ബിസിനസ് സംരംഭങ്ങൾ വരെയുള്ള ചെറുതും വലുതുമായ പദ്ധതികൾ ഇതിലൂടെ കർഷകർക്ക് സാദ്ധ്യമാകും.
ഭക്ഷ്യസുരക്ഷയും പോഷക സമൃദ്ധിയും ലക്ഷ്യമിട്ട്, പ്രാദേശികാടിസ്ഥാനത്തിൽ കർഷക പങ്കാളിത്തത്തോടെയുള്ള കാർഷിക ഗവേഷണം, ഹോർട്ടിക്കൾച്ചർ വിളകളുടെ സമഗ്രവും അത്യാധുനികവുമായ കൃഷി വ്യാപനം, വിളവെടുപ്പിനു ശേഷമുള്ള പരിപാലനം, വിപണനം, കയറ്റുമതി, സാങ്കേതിക വിജ്ഞാനവ്യാപനം തുടങ്ങിയ മേഖലകളിലെ ഇടപെടലുകളിലൂടെ ഉയർന്ന ഉത്പാദനക്ഷമത, കർഷകർക്ക് മെച്ചപ്പെട്ട വരുമാനം, പഴം- പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത, പുതിയ തൊഴിലവസരങ്ങൾ തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.
സംസ്ഥാന കൃഷി വകുപ്പ്, കാർഷിക സർവകലാശാല, കേന്ദ്ര കാർഷിക ഗവേഷണ കൗൺസിലിനു കീഴിലെ സ്ഥാപനങ്ങൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, സർക്കാരിതര സന്നദ്ധ സംഘടനകൾ, കർഷക കൂട്ടായ്മകൾ, സ്വയം സഹായ കർഷക സംഘങ്ങൾ, സ്വകാര്യ സംരംഭകർ തുടങ്ങിയവയുമായി സഹകരിച്ചാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. കർഷകർക്കൊപ്പം, കർഷക കൂട്ടായ്മകൾ, സ്വയംസഹായ കർഷക സംഘങ്ങൾ, സ്വകാര്യ സംരംഭകർ, കാർഷിക ഉത്പാദക സംഘടനകൾ തുടങ്ങിയവർക്ക് പദ്ധതികളിൽ നേരിട്ട് ഗുണഭോക്താക്കളാകാം.
പഴം- പച്ചക്കറി വിളകൾ, പുഷ്പ വിളകൾ, സുഗന്ധവ്യഞ്ജന വിളകൾ, തോട്ടവിളകൾ, എന്നിവയുടെ നടീൽ വസ്തുക്കളുടെ ഉത്പാദനം, വിള വിസ്തൃതി വ്യാപനം, തോട്ടങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം, സംരക്ഷിത കൃഷി, ജൈവകൃഷി പ്രോത്സാഹനം, സംയോജിത രോഗകീട നിയന്ത്രണം എന്നിവ കൂടാതെ വിളവെടുപ്പിനു ശേഷമുള്ള പരിപാലനത്തിനും വിപണന, അടിസ്ഥാന സൗകര്യ വികസനത്തിനും പിന്തുണ നൽകുന്ന വിവിധ ഘടകങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
റംബൂട്ടനും
സഹായം
തദ്ദേശീയവും വിദേശീയവുമായ ഫലവർഗങ്ങളായ പപ്പായ, മാവ്, പ്ലാവ്, പേര, നാരകം, സ്‌ട്രോബറി, ഡ്രാഗൺ ഫ്രൂട്ട്, പാഷൻ ഫ്രൂട്ട്, അവക്കാഡോ, മാംഗോസ്റ്റിൻ, റംബൂട്ടൻ തുടങ്ങിയവയ്ക്ക് ഹോർട്ടികൾച്ചർ മിഷന്റെ ധനസഹായം ലഭിക്കും. കൂടാതെ അത്യുത്പാദന ശേഷിയുള്ള പച്ചക്കറിക്കൃഷി, കൂൺകൃഷി, പുഷ്പകൃഷി, സുഗന്ധവിളകളുടെ കൃഷി, ഔഷധസസ്യ കൃഷി, തോട്ടവിളകളുടെ കൃഷി എന്നിവയ്ക്കും പദ്ധതി മനദണ്ഡപ്രകാരം 40 ശതമാനം ധനസഹായമുണ്ട്. വിവിധ വിളകളുടെ വിസ്തൃതി വ്യാപനത്തിനായി നടപ്പു സാമ്പത്തിക വർഷം ഏകദേശം 17.50 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
കാലാവസ്ഥയെ ആശ്രയിച്ചുള്ള പരമ്പരാഗത കൃഷികൾ നേരിടുന്ന വെല്ലുവിളികൾക്ക് ഫലപ്രദമായ പരിഹാരമെന്ന നിലയിൽ സംരക്ഷിത കൃഷി (Protected Cultivation) പ്രോത്സാഹിപ്പിക്കുന്നതിനായി 50 ശതമാനം വരെ ധനസഹായം നൽകും. പോളി ഹൗസുകൾ, തണൽവലകൾ, ഓട്ടോമേറ്റഡ് ഇറിഗേഷൻ സിസ്റ്റം, തുടങ്ങിയവ സ്ഥാപിക്കുന്നതിനും, പുതയിടീൽ പ്രോത്സാഹിപ്പിക്കുന്നതിനും, ഉയർന്ന വിപണി മൂല്യമുള്ള പച്ചക്കറികളുടെയും പൂക്കളുടെയും പോളിഹൗസ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും, ഹൈഡ്രോപോണിക്സ്, എയ്‌റോപോണിക്സ്, തുടങ്ങിയ ആധുനിക കൃഷിരീതികൾ പ്രചരിപ്പിക്കുന്നതിനും ധനസഹായം ലഭിക്കും.
ജലസ്രോതസ്
നിർമ്മിക്കാം
ഉത്പാദനക്ഷമത കുറഞ്ഞ തോട്ടവിളകളുടെ പുനരുദ്ധാരണത്തിന് മാനദണ്ഡ പ്രകാരമുള്ള പദ്ധതി ചെലവിന്റെ 40 ശതമാനം തുക ധനസഹായമായി നൽകും. തോട്ടങ്ങളിലെ ജലലഭ്യത ഉറപ്പാക്കുന്നതിനായി സാമൂഹ്യ ജലസ്രോതസുകളും വ്യക്തിഗത ജലസ്രോതസുകളും നിർമ്മിക്കുന്നതിന് 50 മുതൽ 75 ശതമാനം വരെ ധനസഹായമുണ്ട്. മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കുന്നതിനും സംയോജിത രോഗകീട നിയന്ത്രണത്തിനായുള്ള സംവിധാനങ്ങൾക്കും വിളകളുടെ വിളവെടുപ്പാനന്തര നഷ്ടം കുറയ്ക്കുന്നതിനും വിളവെടുപ്പിനു ശേഷമുള്ള പരിപാലന മാർഗങ്ങൾ ഒരുക്കുന്നതിനും സഹായം നൽകും. ഈ പദ്ധതികൾക്കായി ഏകദേശം 29 കോടി വകയിരുത്തിയിരിക്കുന്നു.
പാലക്കാട് ജില്ലയിൽ കർഷക പങ്കാളിത്തത്തോടെ ഗുണമേന്മയുള്ള പച്ചക്കറി വിത്ത് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിന് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളയ്ക്ക് (വി.എഫ്.പി.സി.കെ.) ഒരു കോടി 15 ലക്ഷം രൂപയുടെ സഹായം നൽകും. വിത്തുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി കാർഷിക സർവകലാശാലയിലെ വിദഗ്ദ്ധർ കൂടി ഉൾപ്പെട്ട സമിതിയുടെ നിരീക്ഷണങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസൃതമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുന്നത്. കയറ്റുമതി അധിഷ്ഠിത വാഴക്കൃഷിയിൽ അനുവർത്തിക്കേണ്ട മാതൃകാ പ്രവർത്തനരീതികൾ സംബന്ധിച്ച് കർഷകരിലും സംരംഭകരിലും അവബോധം സൃഷ്ടിക്കുന്നതിനായി പരിശീലന പരിപാടിയും വി.എഫ്.പി.സി.കെ വഴി ഈ വർഷം നടപ്പിലാക്കും.
കൂൺ ഗ്രാമം
പദ്ധതി
കൂൺ കൃഷിയിലേക്ക് കർഷകരെയും ബിസിനസ് സംരംഭകരെയും ആകർഷിക്കുവാനായി നടപ്പിലാക്കുന്ന 'സമഗ്ര കൂൺ ഗ്രാമം പദ്ധതി" രണ്ടാംഘട്ടത്തിലാണ്. 100 ചെറുകിട കൂൺ ഉത്പാദന യൂണിറ്റുകൾ, രണ്ട് വൻകിട യൂണിറ്റുകൾ, ഒരു കൂൺ വിത്തുത്പാദന യൂണിറ്റ്, കൂൺ സംസ്‌കരണ യൂണിറ്റുകൾ, രണ്ട് പായ്ക്ക്ഹൗസുകൾ, 10 കമ്പോസ്റ്റ് ഉത്പാദന യൂണിറ്റുകൾ, പരിശീലന പരിപാടികൾ എന്നിവ ചേർന്നതാണ് ഒരു സമഗ്ര കൂൺ ഗ്രാമം പദ്ധതി. സംസ്ഥാനത്തെ 50 നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കാർഷിക ബ്ലോക്കുകളിലാണ് രണ്ടാംഘട്ട കൂൺഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. ഓരോ കൂൺ ഗ്രാമത്തിനും 30.25 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും.
കയറ്റുമതി ഉൾപ്പെടെ ഉത്പന്നങ്ങളുടെ വിപണത്തിനായി രൂപീകരിച്ചിട്ടുള്ള കർഷക ഉത്പാദക സംഘടനകൾക്ക് (എഫ്.പി.ഒ) നൂതന പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിന് ഹോർട്ടികൾച്ചർ മിഷന്റെ പ്രത്യേക സഹായം ലഭിക്കും. കാർഷിക വികസന- കർഷക ക്ഷേമ വകുപ്പിനു കീഴിലുള്ള ചെറുകിട കർഷക- കാർഷിക വ്യാപാര കൺസോർഷ്യം വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. മൂന്നുകോടിയാണ് ഇതിന് അനുവദിച്ചിട്ടുള്ളത്. പഴവർഗങ്ങൾ, പച്ചക്കറികൾ, ഉദ്യാനവിളകൾ, സുഗന്ധവ്യഞ്ജന വിളകൾ, തോട്ടവിളകൾ, കൂൺ, തേൻ എന്നിവയ്ക്കായുള്ള പദ്ധതികൾ തുടങ്ങിയവയ്ക്കാണ് ധനസഹായം ലഭിക്കുക. വിളവെടുപ്പിനു ശേഷമുള്ള സംസ്‌കരണത്തിനും സംഭരണത്തിനും മൂല്യവർദ്ധനവിനും വിപണനത്തിനും കയറ്റുമതിയ്ക്കുമായുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കാണ് മുൻഗണന. പദ്ധതിച്ചെലവിന്റെ 80 ശതമാനം വരെ സാമ്പത്തിക സഹായം ലഭിക്കും. നിശ്ചിത മാനദണ്ഡങ്ങളനുസരിച്ച് പരമാവധി 15 ലക്ഷം വരെയാണ് വായ്പാധിഷ്ഠിത സഹായം ലഭിക്കുക.
ദേശീയ ഹോർട്ടികൾച്ചർ മിഷനു കീഴിൽ നടപ്പാക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൂർണമായും സുതാര്യവും കുറ്റമറ്റതുമാണെന്ന് ഉറപ്പു വരുത്താൻ സർക്കാർ പുതുതായി ആവിഷ്‌കരിച്ചിട്ടുള്ള 'എം.ഐ.ഡി.എച്ച്. സുരക്ഷ" (MIDH Suraksha) എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് പദ്ധതി സംബന്ധിച്ച എല്ലാ വസ്തുതകളും ഗുണഭോക്താക്കൾ രേഖപ്പെടുത്തണം. ഇതിനോടൊപ്പം 'കൃഷി മാപ്പർ" എന്ന പേരിലുള്ള ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് ഫീൽഡ് തലത്തിൽ, 'ജിയോടാഗ്" നടപ്പിലാക്കണം. ഈ സാമ്പത്തിക വർഷം ഓരോ ജില്ലയിലും നടപ്പാക്കേണ്ട പദ്ധതികളും അതിനുള്ള സാമ്പത്തിക വിഹിതവും സംബന്ധിച്ച വിവരങ്ങൾ ജില്ലാ ഹോർട്ടികൾച്ചർ മിഷനുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രിൻസിപ്പൽ കൃഷി ഓഫീസുകളിൽ പ്രവർത്തിക്കുന്ന ജില്ലാ ഹോർട്ടികൾച്ചർ മിഷനുകളുമായാണ് ബന്ധപ്പെടേണ്ടത്. കൃഷിഭവനുകളിലും പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാം.