ബാലൻ കെ. നായരുടെ ഓർമകൾക്ക് ഇന്ന് 25 വർഷം
മലയാള സിനിമയിൽ മികച്ച വേഷങ്ങൾ സമ്മാനിച്ച ബാലൻ കെ. നായർ ഓർമ്മയായിട്ട് ഇന്ന് 25 വർഷം. 1970ൽ നിഴലാട്ടം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി 20 വർഷം വെള്ളിത്തിരയിൽ നിറഞ്ഞു നിന്ന് ബാലൻ കെ. നായർ 250ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 1991 ൽ കടവ് ആണ് അവസാന ചിത്രം. കോഴിക്കോട്ടെ സജീവമായിരുന്ന നാടക സമിതികളിൽ നിന്നാണ് ബാലൻ കെ. നായർ സിനിമയിൽ എത്തുന്നത്. വില്ലൻ വേഷങ്ങളാണ് ആദ്യകാലത്ത് സിനിമയിൽ അധികവും ലഭിച്ചത്. ക്രൂരതയുടെ ആൾ രൂപമായി ബാലൻ കെ. നായർ തിരശ്ശീലയിൽ നിറഞ്ഞാടി. ബാലൻ കെ. നായരുടെ ചിരി പോലും കുടിലത തോന്നിക്കുന്നതായിരുന്നു. വില്ലൻ ചിരിയുടെ പ്രതീകമായി ഇപ്പോഴും പ്രേക്ഷകർ കാണുന്നത് ബാലൻ കെ. നായരുടെ ആ ചിരിയാണ്.
1980ൽ ഭരത് പുരസ്കാരം ലഭിച്ചശേഷം കൂടുതൽ വ്യത്യസ്ത വേഷങ്ങളിൽ കണ്ടു. ഈ നാട്ടിലെ സഖാവ് കൃഷ്ണപിള്ള. ആൾക്കൂട്ടത്തിൽ തനിയേയിലെ മാധവൻ നായർ, 1921ലെ ബീരാൻ, അബ്കാരിയിലെ ചാത്തുണ്ണി, അമരത്തിലെ പിള്ളേച്ചൻ, ഒരു വടക്കൻ വീരഗാഥയിലെ വലിയ കണ്ണപ്പചേകവർ തുടങ്ങിയ കഥാപാത്രങ്ങളെ അനശ്വരമാക്കി. ബാലൻ കെ. നായർക്ക് വെള്ളിത്തിരയിൽ കരുത്ത് പകർന്നത് നാടക അഭിനയം തന്നെയായിരുന്നു.