ഓണ വിപണിയിലെത്തും ഗ്രാമങ്ങളിലെ ജൈവപച്ചക്കറിയും പത്തിനം പൂക്കളും
പാലോട്: ഇന്ന് അത്തം. തിരുവോണത്തിന് പത്തുനാൾ ശേഷിക്കെ ഓണവിപണി കീഴടക്കാനെത്തുന്നത് ജൈവകൃഷിയിലൂടെ വിളയിച്ചെടുത്ത പച്ചക്കറികൾ. നന്ദിയോട്,ആനാട്,പെരിങ്ങമ്മല പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ പച്ചക്കറിയുടെ മായാപ്രപഞ്ചമാണ് ഒരുക്കിയിട്ടുള്ളത്. പയർ,ചീര,വെണ്ട,വഴുതന, പാവൽ,പുതിന,മല്ലിയില,ഇഞ്ചി,ചേന,ചേമ്പ്,കാച്ചിൽ തുടങ്ങിയ എല്ലാ പച്ചക്കറികളും ടൺ കണക്കിന് ഓണവില്പനയ്ക്കായി എത്തിച്ചേരും.
സർക്കാർ നടപ്പിലാക്കിയ ഒരു മുറം പച്ചക്കറി പദ്ധതിയുമായി വിവിധ റസിഡന്റ്സ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും, സ്ഥലമില്ലാത്തവർ വീടുകളിലെ മട്ടുപ്പാവിലും കൃഷി ചെയ്തിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായിരുന്നതിനാൽ നൂറുമേനി വിളവാണ് കർഷകർക്ക് നേടാനായത്.
കേരളാ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെ നൂതന കൃഷിരീതിയായ ഓപ്പൺ പ്രിസിഷൻ ഫാമിംഗ് രീതിയിൽ പച്ചക്കറികൃഷി നടത്തി വൻ വിജയം നേടിയ മാതൃകാ കർഷകൻ ശ്രീജിത്ത് പവ്വത്തുരും കൃഷിയിലൂടെ പുത്തൻ ആശയങ്ങൾ നൽകി മാതൃകയാവുകയാണ്. ഡോ.അജീഷ് കുമാർ വൃന്ദാവനം, പവ്വത്തൂർ ശ്രീജിത്ത്, തോട്ടുംപുറം ബാലകൃഷ്ണൻ, ഗീത ആനകുളം, ഫ്രാൻസിസ്, ടി.സുരേന്ദ്രൻ, കെ.ചന്ദ്രൻ ആനക്കുഴി, അരുൺ പവ്വത്തൂർ, തങ്കൻ ഒൻപതേക്കർ, മണിയൻ ഒൻപതേക്കർ, മഞ്ചു മധുസൂദനൻ,ഗീത, ശുഭാ പ്രേമൻ, സെൽവരാജ് മീൻമുട്ടി തുടങ്ങി നൂറോളം കർഷകർ ഇതിനായി ചുക്കാൻ പിടിക്കുന്നുണ്ട്. സെപ്തംബർ 2 ന് വിളവെടുപ്പിന് തുടക്കമാകും.
വിലക്കുറവിൽ
പൊതു വിപണിയെക്കാൾ 30 ശതമാനം വരെ വിലക്കുറവിലാണ് ജൈവ പച്ചക്കറികൾ വിപണിയിലെത്തുക. കപ്പ,പാളയംകോടൻ,ഏത്തൻ,രസകദളി തുടങ്ങിയ കുലവർഗങ്ങളും പൊതുവിപണിയിൽ ഓണത്തിന് എത്തിച്ചേരും. അൻപത് ഹെക്ടറോളം സ്ഥലത്താണ് ജൈവകൃഷി ചെയ്തത്.
നന്ദിയോട് ജൈവകൃഷി ഗ്രാമം
വേറിട്ട മാതൃകയും പ്രവർത്തനങ്ങളിലൂടെയും ജില്ലയിൽ തുടർച്ചയായി ജൈവകൃഷിക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗ്രാമമാണ് നന്ദിയോട്. പെരിങ്ങമ്മല, ആനാട് പഞ്ചായത്തുകളിലെ കൃഷിരീതിയും എടുത്തുപറയേണ്ടതാണ്. വനസമ്പത്തും സസ്യസമൃദ്ധിയും വാമനപുരം നദിയുടെ ജലസമൃദ്ധിയുമാണ് ഈ പ്രദേശങ്ങളിലെ മണ്ണിനെയും കൃഷിയെയും പുഷ്ടിപ്പെടുത്തുന്നതിൽ സ്വാഭാവിക പങ്കുവഹിക്കുന്നത്.
മുറ്റം നിറയെ പച്ചക്കറിയും
പത്തിനം പൂക്കളും
കാബേജ്,കത്തിരി,സ്ട്രോബറി,വഴുതന,ചെറുകിഴങ്ങ്,ചീര,അഗസ്തി ചീര,വെണ്ട,ചേന,കപ്പ,ചോളം എന്നിവയോടൊപ്പം കുറ്റിമുല്ല,പലയിനം ഓർക്കിഡുകൾ,സൂര്യകാന്തി,മുല്ല,വിവിധയിനം അലങ്കാര പുഷ്പങ്ങൾ എന്നിവയും കൃഷി ചെയ്തിട്ടുണ്ട്.
ഓണത്തിന് പൂക്കളമൊരുക്കാൻ പത്തിനം പൂക്കളാണ് നന്ദിയോടെ കർഷകർ നട്ടുവളർത്തുന്നത്.