നെടുംകുന്നം ആയുർവേദാശുപത്രി കെട്ടിടം..... 5 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ തുറക്കുന്നു

Tuesday 26 August 2025 12:29 AM IST

കറുകച്ചാൽ : കാത്തിരുന്ന് മടുത്തു, രണ്ടാംനില പണിയും മുൻപ് നെടുംകുന്നം ആയുർവേദാശുപത്രി കെട്ടിടം തുറക്കാനൊരുങ്ങുകയാണ് അധികൃതർ. അഞ്ച് വർഷം മുൻപ് പണി പൂർത്തിയായ കെട്ടിടം തുറക്കാതെ പരിസരമാകെ കാടുകയറി കിടക്കുകയായിരുന്നു. ഉപകരണങ്ങളടക്കം വർഷങ്ങൾക്ക് മുൻപ് എത്തിച്ചിരുന്നു. രണ്ടാംനില പണിതിട്ട് ആശുപത്രി ഉദ്ഘാടനം ചെയ്യാനായിരുന്നു പദ്ധതി. കെട്ടിടത്തിൽ കിടത്തി ചികിത്സ നടത്താനുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിലും വെള്ളവും റോഡും ഇല്ലാതിരുന്നത് തടസമായി. പരിമിതമായ സൗകര്യത്തിലാണ് നിലവിൽ ആശുപത്രി പ്രവർത്തനം.

പഞ്ചായത്തും, എൻ.എച്ച്.എം അധികൃതരുമായി ചർച്ച ചെയ്തതിന്റെ ഫലമായാണ് കെട്ടിടം തുറക്കാനുള്ള നടപടി. ആശുപത്രി പ്രവർത്തന സജ്ജമാക്കും മുൻപ് ആദ്യം നിർമ്മിക്കേണ്ടത് റോഡാണ്. ഇതിന് അഞ്ചുലക്ഷം രൂപ വേണം. കെട്ടിടത്തിന്റെ രണ്ടാം നില നിർമ്മിച്ച് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ 60 ലക്ഷം രൂപ ഇനിയും വേണം.

പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറായി

ഒരുകോടി രൂപയോളം ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ബാക്കി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ചീഫ് വിപ്പ് എൻ.ജയരാജിന്റെ നേതൃത്വത്തിൽ കഴിഞ്ഞമാസം പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. കുടിവെള്ളവും റോഡും സജ്ജമാക്കേണ്ടത് പഞ്ചായത്താണ്. കഴിഞ്ഞമാസം പൈപ്പ് ലൈൻ സ്ഥാപിച്ച് കുടിവെള്ളം ലഭ്യമാക്കി. കിടത്തി ചികിത്സയ്ക്ക് ആവശ്യമായ സംവിധാനങ്ങളുണ്ടെങ്കിലും ആശുപത്രി പ്രവർത്തനസജ്ജമാക്കാൻ അധികൃതർ മുൻകൈ എടുത്തില്ല. പ്രതിഷേധം ശക്തമായതോടെയാണ് അനുകൂല തീരുമാനമുണ്ടായത്.

ആശുപത്രി തുറന്ന് പ്രവർത്തിപ്പിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും നിലവിലുണ്ട്. ഇനിയാവശ്യം റോഡാണ്. ആവശ്യമായ തുക എം.എൽ.എ ഫണ്ടിൽ നിന്ന് ലഭ്യമാക്കും. പഞ്ചായത്തുമായി ചർച്ച ചെയ്ത് വേണ്ട നടപടി സ്വീകരിക്കും. (എൻ.ജയരാജ് ഗവ.ചീഫ് വിപ്പ്)