പെരിങ്ങാടിയിലുണ്ട് കൂണുകളുടെ പ്രചാരകൻ
ന്യൂമാഹി:കൗതുകത്തിനായി തുടങ്ങിയ കൂൺകൃഷിയുടെ പ്രചാരകനാണ് പെരിങ്ങാടിയിലെ മാണിക്കോത്ത് എം.പി.പവിത്രൻ.കൂണിന്റെ സാദ്ധ്യതകളും പോഷകസമൃദ്ധിയും വിപണനസാദ്ധ്യതകളും ചൂണ്ടിക്കാട്ടി തന്റെ ഗ്രാമം ഉൾപ്പെടുന്ന ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ കൃഷി വ്യാപകമാക്കാനുള്ള സാദ്ധ്യതയിലേക്കാണ് ഈ റിട്ടയേർഡ് ബാങ്ക് മാനേജറുടെ പരിശ്രമം. സ്ഥലപരിമിതി ബാധിക്കാത്ത കൃഷിയെന്നതാണ് കൂണുകളുടെ വലിയ സാദ്ധ്യത തുറന്നിടുന്നതെന്ന് ഇദ്ദേഹം സമർത്ഥിക്കുന്നു. വീട്ടിന് അകത്തും കൃഷി ചെയ്യാം.രണ്ടു മുറികളിലാണ് പവിത്രന്റെ കൂൺ കൃഷി. വിത്തിട്ട് പതിനഞ്ചുദിവസം ഇരുട്ടുമുറിയിൽ സൂക്ഷിക്കും. പിന്നീട് കാറ്റുള്ള മുറിയിൽ തൂക്കിയിടും. നേരിട്ടുള്ള സൂര്യപ്രകാശം പാടില്ല. നിത്യേന രണ്ടുകിലോ കൂൺ ഇപ്പോൾ ലഭിക്കുന്നുണ്ട്.വില്പന തുടങ്ങിയിട്ടില്ല.അയൽക്കാർക്കും സുഹൃത്തുക്കൾക്കും നൽകും. കൃഷി വിപുലീകരിക്കാനുള്ള ആലോചനയിലാണ് ഇദ്ദേഹം.
രുചിയുടെ കലവറ, പോഷകസമൃദ്ധം
കൂണുകൾ രുചിയുടെ കലവറയാണ്. പോഷകസമൃദ്ധവും. വിറ്റാമിനുകൾ (ബി, ഡി), ധാതുക്കൾ (സെലിനിയം, ചെമ്പ്, പൊട്ടാസ്യം), പ്രോട്ടീൻ, നാരുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. കൊഴുപ്പും കലോറിയും കുറഞ്ഞ ഇവ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വീക്കം തടയാനും സഹായിക്കുന്നു. കൂടാതെ, ഇവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ഹൃദ്രോഗം, കാൻസർ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യും.