അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ച സംഭവം: ഒരാൾ പിടിയിൽ

Tuesday 26 August 2025 2:22 PM IST

കാട്ടാക്കട:പോക്സോ കേസിലെ പ്രതി ഉൾപ്പെടെയുള്ള സംഘം അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണം കവർന്നശേഷം വഴിയിൽ ഉപേക്ഷിച്ച കേസിൽ ഒരാൾ പിടിയിൽ.മലയിൻകീഴ് മലയം അനിൽ നിവാസിൽ സുനിൽക്കുട്ടനാണ് (44) പിടിയിലായത്.

ഇക്കഴിഞ്ഞ ജൂലായ് 3നായിരുന്നു കേസിനാസ്പദമായ സംഭവം.കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് മണ്ണാംകോണം പുത്തൻവീട്ടിൽ ജെ.മുകേഷിനെ കേസിന്റെ കാര്യം സംസാരിക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച്, കാട്ടാക്കടയിലെ സ്വകാര്യ ബാറിലേക്ക് വിളിച്ചുവരുത്തിയ ശേഷം കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.തുടർന്ന് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മർദ്ദിച്ചു.ഇതിനിടെ ഭീഷണിപ്പെടുത്തി അഭിഭാഷകന്റെ ഗൂഗിൾപേ വഴി പണവും ട്രാൻസ്‌ഫർ ചെയ്യിപ്പിച്ചു.മർദ്ദിച്ച് വിവസ്ത്രനാക്കിയ ശേഷം മുകേഷിനെ മലയിൻകീഴ് മലയം ഭാഗത്തെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ആറുപേർക്കെതിരെ കേസെടുത്തിരുന്നു.ഒരാൾ നേരത്തെ പിടിയിലായിരുന്നു.ഇനി നാലുപേർ കൂടി പിടിയിലാകാനുണ്ട്.