അമ്പലപ്പുഴയിലെ കുടിവെള്ളത്തിന് അമിത ഫ്‌ളൂറൈഡ് ഭീഷണി
അമ്പലപ്പുഴ: അമ്പലപ്പുഴ പ്രദേശത്തെ കിണറുകൾ ഉൾപ്പടെയുള്ള ജലസ്രോതസുകളിൽ അമിത അളവിൽ ഫ്‌ളൂറൈഡ് കലർന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ട് വർഷങ്ങളായെങ്കിലും പരിഹാരത്തിന് നടപടിയില്ല. താലൂക്കിലെ 1142 കുട്ടികളിൽ നടത്തിയ ശാസ്ത്രീയ പഠനത്തിൽ 10മുതൽ 15 വയസുവരെയുള്ളവരിൽ 37 ശതമാനം പേർക്കും ദന്തൽ ഫ്ളൂറോസിസ് ഉണ്ടെന്നും, അതിന് കാരണം കുടിവെള്ളത്തിലെ അമിതമായ ഫ്ളൂറൈഡ് ആണെന്നുമായിരുന്നു കണ്ടെത്തൽ.
ഫ്ളൂറോസിസ് രോഗം ബാധിച്ചാൽ എല്ലുകൾ വിരൂപമായി വളരും. നാഡി സംബന്ധമായ പ്രശ്നങ്ങൾ, പുരുഷ വന്ധ്യത, തൈറോയ്ഡ് ഗ്രന്ധി വീക്കം എന്നിവയും ഉണ്ടാകും. പഠന റിപ്പോർട്ട് ജില്ലാ പഞ്ചായത്ത്, ജില്ലാ കളക്ടർ, കേരള വാട്ടർ അതോറിട്ടി, സംസ്ഥാന സർക്കാർ എന്നിവർക്ക് നൽകിയെങ്കിലും ഒരുനടപടിയും ഉണ്ടായില്ലെന്ന് ഇതിന് നേതൃത്വം നൽകിയ ആലപ്പുഴ മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മുൻ അസോ. പ്രൊഫ. ഡോ.പി.ഗോപാലകൃഷ്ണൻ പറഞ്ഞു. ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു വലിയ വിപത്താണ് ഇതെന്നും പരിഹാരം കണ്ടില്ലെങ്കിൽ വരും തലമുറയിലും രോഗം തുടരുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തുന്നു. നൽഗൊണ്ട സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫ്ലൂറൈഡ് കലർന്ന ജലം പലഘട്ടങ്ങളായി ശുദ്ധീകരിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. ലളിതവും ചെലവ് കുറഞ്ഞതുമായ മാർഗമാണിത്.
പരിഹാരം നൽഗൊണ്ട
അലുമിനിയം ലവണങ്ങൾ (ചുണ്ണാമ്പ് പോലുള്ളവ), നാരങ്ങ, ബ്ലീച്ചിംഗ് പൗഡർ എന്നിവ ഫ്ലൂറൈഡ് കലർന്ന ജലത്തിൽ അളന്ന് ആദ്യം ചേർക്കും
രാസവസ്തുക്കൾ നന്നായി കലർത്തും. ഇത് ഫ്ലൂറൈഡിനെ ജലത്തിൽ നിന്ന് വേർതിരിച്ചെടുക്കാൻ സഹായിക്കും
കുമ്മായം ഉപയോഗിച്ച് ജലത്തിന്റെ അമ്ലത ക്രമീകരിക്കുന്നു. ഇത് ജലത്തിലെ മാലിന്യം കട്ടപിടിച്ച് താഴേക്ക് അടിയാൻ സഹായിക്കുന്നു
ജലത്തെ നിശ്ചലമായി സൂക്ഷിക്കുന്നു. ഇത് മാലിന്യം അടിയാൻ സഹായിക്കുന്നു
അടിഞ്ഞ മാലിന്യങ്ങൾ നീക്കംചെയ്ത ശേഷം, ജലത്തെ ഒരു അരിപ്പയിലൂടെ കടത്തിവിട്ട് ബാക്കിയുള്ള മാലിന്യങ്ങളും നീക്കം ചെയ്യുന്നു
നൽഗൊണ്ട സാങ്കേതിക വിദ്യയിലൂടെ ഫ്ലൂറൈഡ് കലർന്ന ജലം സുരക്ഷിതമാക്കാം. ഇത് വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗിക്കാവുന്ന ലളിതമായ ശുദ്ധീകരണ രീതിയാണ്
- ഡോ.പി.ഗോപാലകൃഷ്ണൻ,മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മുൻ അസോ. പ്രൊഫ