പടിയിറങ്ങുന്ന ജനപ്രതിനിധികളുടെ ഓർമ്മകൾ മരമായി തളിർക്കും
ആലപ്പുഴ : കാലാവധി പൂർത്തിയാകാനിരിക്കെ, പടിയിറങ്ങും മുമ്പ് ഓർമ്മമരങ്ങൾ നടാനൊരുങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ. പച്ചത്തുരുത്ത്, ഒരു തൈ നടാം എന്നീ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷനാണ് ഓർമ്മത്തുരുത്തുകൾ സ്ഥാപിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ നേതൃത്വം നൽകും. ജനപ്രതിനിധികൾക്ക് പുറമേ വിരമിക്കുന്ന ജീവനക്കാർ, അദ്ധ്യാപകർ എന്നിവരുടെ പേരിലും ഓർമ്മമരം നടാം. സെപ്തംബർ അവസാനത്തോടെ എല്ലാ ജില്ലകളിലും പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് ഇതുവരെ 69 ഓർമ്മത്തുരുത്തുകൾ സ്ഥാപിച്ചിട്ടുണ്ട്. 2020ലാണ് ആദ്യമായി പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത്. ഇതിൽ 68ഉം തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സ്ഥാപിച്ചവയാണ്. ഒരെണ്ണം കാസർകോട് പടന്നയിൽ കവയിത്രി സുഗതകുമാരിയുടെ ഓർമ്മയ്ക്കായി സ്ഥാപിച്ചു. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ ഓർമ്മത്തുരുത്തുകളുള്ളത്. 15 എണ്ണം.
കുറഞ്ഞത് ഒരു സെന്റ് ഭൂമി ഓർമത്തുരുത്ത് സ്ഥാപിക്കുന്നതിന് കുറഞ്ഞത് ഒരു സെന്റ് ഭൂമിയെങ്കിലും വേണം. തദ്ദേശ സ്ഥാപനങ്ങളുടെ അങ്കണം, മറ്റേതെങ്കിലും ഭൂമി, തരിശുഭൂമി എന്നിങ്ങനെ അതത് പ്രദേശത്ത് ജനപ്രതിനിധികളോ തദ്ദേശസ്ഥാപനങ്ങളോ കണ്ടെത്തി നൽകും. പ്രാദേശികമായി കിട്ടുന്ന തൈകളും വിത്തുകളും ഉപയോഗിക്കും. സന്നദ്ധ പ്രവർത്തകർ, വിവിധ വകുപ്പുകൾ, സംഘടനകൾ തുടങ്ങിയവരുമായി കൈകോർത്താകും പ്രവർത്തനം.
പച്ചത്തുരുത്ത്, ഒരുതൈ നടാം എന്നീ പദ്ധതിയുടെ ഭാഗമായാണ് ഓർമ്മ മരങ്ങളും നടുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പദ്ധതി നടപ്പിലാക്കും
എസ്.യു. സഞ്ജീവ്, അസി.കോ ഓർഡനേറ്റർ
കൃഷി, പരിസ്ഥിതി
ഹരിത കേരളം മിഷൻ