ഓണത്തിന് വിസിൽ മുഴക്കി അത്തം; പൂച്ചിരിയുമായി ചാലക്കമ്പോളം !
തിരുവനന്തപുരം: ഓണത്തിനുള്ള വിസിൽ മുഴുക്കി അത്തം പിറന്നപ്പോൾ പൂക്കൂടകൾ നിറച്ചുവച്ച് തലസ്ഥാനത്തിന്റെ സ്വന്തം ചാലക്കമ്പോളം. വമ്പൻ കച്ചവടം നടക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.
ഓണത്തിനായി വിരിയിച്ചെടുത്ത പൂക്കളുമായി തമിഴ്‌നാട്ടിൽ നിന്നും കർണാടകത്തിൽനിന്നും ചാലയിലേക്ക് ദിവസവും രാവിലെ ലോറികളെത്തി തുടങ്ങി.1400 -1500 രൂപയായിരുന്നു ഒരുകിലോ മുല്ലപ്പൂവിന് ഇന്നലെ ചാലയിലെ വില. ഒരുമുഴം പൂവിന് 80 മുതൽ 100 രൂപ വരെ നൽകണം.
അത്തമിടാൻ
ചെലവ് എത്ര?
അരമീറ്റർ വ്യാസമുള്ള പൂക്കളമൊരുക്കാൻ 1000 രൂപയുടെ പൂവ് വേണം.കളത്തിന്റെ വലിപ്പം കൂടുന്നതനുസരിച്ച് വിലയും കൂടും. അത്തം മുതൽ പൂവിപണി ഉണരുമെങ്കിലും ഓണത്തിന് നാലഞ്ച് ദിവസം മുൻപാണ് കച്ചവടം പൊടിപൊടിക്കുന്നത്. തിരുവോണമെത്തുമ്പോഴേക്കും വില കിലോയ്ക്ക് അൻപത് മുതൽ നൂറ് രൂപവരെ വർദ്ധിക്കും.സ്കൂളുകൾ,കോളേജുകൾ,ക്ളബുകൾ,സൗഹൃദകൂട്ടായ്മകൾ എന്നിവരൊക്കെ വൻതുകയ്ക്കാണ് പൂക്കൾ വാങ്ങുന്നത്.
ചാലയിൽ
ഇന്നലത്തെ പൂവില
(കിലോയ്ക്ക് )
റോസ (പിങ്ക്) - 300, ചുവപ്പ് - 400
അരളി പിങ്ക് - 200 -300,വെള്ള - 450- 600 ചുവപ്പ് - 450- 500
ബന്തി ഓറഞ്ച് - 150, മഞ്ഞ 100 - 200
തെച്ചി - 300
വെള്ള ജമന്തി - 350 - 400
വാടാമല്ലി 300 - 400
താമരമൊട്ട് ഒന്നിന് - 15 - 20
റെഡിമെയ്ഡ്
അത്തപ്പൂക്കളം
വൻവില കൊടുത്ത് പൂക്കൾ വാങ്ങാൻ മടിയുള്ളവർക്കായി ഇത്തവണ റെഡിമെയ്ഡ് പൂക്കളവും വിപണിയിലെത്തിയിട്ടുണ്ട്. വലിപ്പമനുസരിച്ച് 300 മുതൽ 1500 വരെയാണ് വില. മൂന്നോ നാലോ വർഷം കഴിഞ്ഞിട്ട് കളം മാറ്രിയാൽ മതി.അടുത്തവർഷത്തെ റീൽസിലും ഫോട്ടോയിലും വേറേ കളം വേണമെന്നാണെങ്കിൽ 'കളം മാറ്റിച്ചവിട്ടാം'. ഓണത്തിന് വീടും കോളേജുമൊക്കെ അലങ്കരിക്കാൻ പ്ളാസ്റ്റിക്കിൽ തീർത്ത വർണാഭമായ ജമന്തിമാലകളുമുണ്ട്. 120 മുതൽ 400 വരെയാണ് വില.
തെക്കോട്ട് പുറപ്പെട്ട
തൃക്കാക്കരയപ്പൻ!
വടക്കൻജില്ലകളിലെ ഓണപ്പൂക്കളത്തിൽ സവിശേഷസ്ഥാനമുള്ള തൃക്കാക്കരയപ്പൻ തെക്കോട്ട് പുറപ്പെട്ടിട്ടുണ്ട്! ചാലക്കമ്പോളത്തിൽ മണ്ണിൽതീർത്ത തൃക്കാക്കരയപ്പന് 200 രൂപയും തടിയിൽ തീർത്തതിന് 300 രൂപയുമാണ് വില.വടക്കൻ ജില്ലകളിൽനിന്ന് തലസ്ഥാനത്ത് താമസമാക്കിയവരാണ് ആവശ്യക്കാരിലേറെയും.
സ്റ്റിക്കറായ മാവേലി!
ഓണം കൊഴുപ്പിക്കാൻ 10 രൂപമുതൽ സ്റ്രിക്കർ മാവേലിയും ലഭിക്കും. മാവേലിക്കൊപ്പം അത്തപ്പൂക്കളം,വിളക്ക്, കഥകളി,വള്ളം സ്റ്റിക്കറുകളും ചേർത്ത കോംബോ പായ്ക്കിന് വില 100 മുതൽ 280 വരെ. ത്രീഡി സ്റ്റിക്കറിന് വില 100 -250.
മാവേലി കിരീടത്തിന് വില അഞ്ഞൂറ് മുതൽ 5000 വരെ. വർക്കിന് അനുസരിച്ചാണ് വില. ഓണക്കളികളിലെ പുലിവേഷത്തിന് 250 മുതൽ 2500 വരെയാണ് നിരക്ക്.