ദേശീയപാത നിർമ്മാണത്തിലെ അപാകത: നടപടിയാവശ്യപ്പെട്ട് കളക്ടർ
തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ അപകട ഭീഷണിയായ വെള്ളക്കെട്ടും സർവീസ് റോഡ് നിർമ്മാണത്തിലെ അപാകതകളും പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി കളക്ടർ. ദേശീയ പാത പ്രോജക്ട് ഡയറക്ടടർക്കാണ് കളക്ടർ അർജുൻ പാണ്ഡ്യൻ രേഖാമൂലം നിർദ്ദേശം നൽകിയത്. സർവീസ് റോഡുകളുടെ നിർമ്മാണത്തിലെ അപാകതകളും മറ്റും ചൂണ്ടിക്കാട്ടി നേർക്കാഴ്ച അസോസിയേഷൻ ഡയറക്ടർ പി.ബി. സതീഷ് നൽകിയ പരാതിയിൽ മറുപടി നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.
നിയമനടപടി സ്വീകരിക്കണം
റോഡിലെ കുഴി വില്ലനായ അപകടങ്ങളിൽ നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് പൊലീസ് മേധാവികളോട് കളക്ടർ നിർദ്ദേശിച്ചു. കോർപ്പറേഷൻ പരിധി റോഡിലെ കുഴികളിൽ വീണ് മരിച്ച സംഭവത്തിൽ കുഴിയുടെ നീളം, ആഴം, വീതി തുടങ്ങിയ നിയമപരമായ നടപടികൾ എടുക്കുന്നതിന് മുമ്പ് തന്നെ കുഴി മൂടുന്നത് പൊലീസിന്റെ കേസിന് സാധുതയില്ലാതാക്കുന്നതാണെന്നും അറിയിച്ചു.
ടോൾ പുനരാരംഭിക്കാൻ നിർദ്ദേശിച്ചത് സർക്കാർ
കളക്ടർ ടോൾ നിറുത്തിവയ്ക്കാൻ ഉത്തരവിട്ടതിനു പിന്നാലെ പുനരാരംഭിക്കാൻ നിർദ്ദേശിച്ചത് സർക്കാരിന്റെ നിർദ്ദേശ പ്രകാരമെന്ന് വ്യക്തമാക്കി കളക്ടർ. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് മറുപടി. കൂടാതെ ദേശീയപാത അധികൃതർ നിർമ്മാണം പൂർത്തിയാക്കാമെന്ന് രേഖാമൂലം ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതിന് നടപടികൾ സ്വീകരിക്കാതെ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ഹൈക്കോടതി ഇടപെടുകയായിരുന്നു.