8 വർഷത്തിനുശേഷം നിരക്ക് കൂട്ടി ഡൽഹി മെട്രോ

Tuesday 26 August 2025 12:55 AM IST

ന്യൂഡൽഹി: എട്ട് വർഷത്തിനുശേഷം മെട്രോ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ. ഇതിനു മുമ്പ് 2017ലാണ് നിരക്ക് വർദ്ധനയുണ്ടായത്. പുതുക്കിയ നിരക്കുകൾ ഇന്നലെ മുതൽ പ്രാബല്യത്തിലായി. ഒരു രൂപ മുതൽ നാല് രൂപ വരെയാണ് വർദ്ധിച്ചിരിക്കുന്നത്. എയർപോർട്ട് ലൈനിൽ വർദ്ധന ഒരു രൂപ മുതൽ അഞ്ച് രൂപ വരെയാണ്. വർദ്ധന നിലവിൽ വന്നതോടെ ഡൽഹി മെട്രോയിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയിൽ നിന്ന് 11 രൂപയായി വർദ്ധിച്ചു. രണ്ട് കിലോമീറ്റർ വരെയുള്ള യാത്രയ്ക്കാണ് ഈ നിരക്ക്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളിലും അഞ്ച് കിലോമീറ്റർ വരെ യാത്ര ചെയ്യാൻ മിനിമം നിരക്കായ 11 രൂപ മതി.അതേസമയം,മുന്നറിയിപ്പില്ലാതെയുള്ള നിരക്ക് വർദ്ധന യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി.

പുതുക്കിയ നിരക്ക്:

2 കിലോമീറ്റർ വരെ 11 രൂപ, 2 മുതൽ 5 കി.മീ വരെ 21 രൂപ, 5-12 കി.മീ 32 രൂപ, 12-21 കി.മീ 43 രൂപ, 21-32 കി.മീ 54 രൂപ, 32 കിലോമീറ്ററിന് മുകളിൽ 64 രൂപ. ഞായറാഴ്ചകളിലെയും പൊതു അവധി ദിവസങ്ങളിലെയും നിരക്ക്: 5 കി.മീ വരെ 11 രൂപ, 5-12 കി.മീ 21 രൂപ, 12-21 കി.മീ 32 രൂപ, 21-32 കി.മീ 43 രൂപ, 32 കിലമോമീറ്ററിന് മുകളിൽ 54 രൂപ.