പണിതിട്ടും പണി തീരാത്തൊരു റോഡ്
കിളിമാനൂർ: നാല് കിലോമീറ്റർ റോഡ് പുനർനിർമ്മാണത്തിന് ഒരു വർഷമോ? കുറവൻകുഴി-അടയമൺ-തൊളിക്കുഴി റോഡിന്റെയും അടയമൺ തേരിയിൽ ഓടയുടെയും പുനർനിർമ്മാണം തുടങ്ങിയിട്ട് ഒരു മാസമായെങ്കിലും പണികൾ എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുകയാണ്. ഓണത്തിനും യാത്രക്കാർക്ക് നടുവൊടിയാൻ തന്നെ വിധി.
നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലും അപകട ഭീഷണി നേരിടുന്ന തരത്തിലുമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. അടയമൺ മുതൽ കുറവൻകുഴി വരെ റോഡിന്റെ ഒരു ഭാഗം റോഡിളക്കി മെറ്റൽ നിരത്തിയെങ്കിലും പലഭാഗത്തും അത് ഉറപ്പിച്ച് ടാറിംഗ് നടത്തിയിട്ടില്ല. ടോറസുകൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് വാഹനങ്ങൾ ഈ റോഡിലൂടെ മിനിറ്റുകൾക്കകം സഞ്ചരിക്കുന്നതിനാൽ മെറ്റലുകൾ ഇളകിയും തെറിച്ചും മെറ്റൽ പൊടി പറന്നും കാൽനടയാത്രക്കാരായ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ആരോഗ്യപ്രശ്നങ്ങളും അപകടങ്ങളും ഉണ്ടാകുന്നത് പതിവായിട്ടുണ്ട്.
പൊടിയും നിറയുന്നു
റോഡിന്റെ ഇരുവശവും താമസിക്കുന്നവരുടെ വീടുകൾ പൊടിപടലങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. കിളിമാനൂർ പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനിയറോട് പരാതി പറഞ്ഞെങ്കിലും പരാതി കേട്ട ഭാവം പോലുമില്ലെന്ന് പ്രദേശവാസികൾ പറയുന്നു. രാത്രികാലങ്ങളിൽ റോഡിൽ വെളിച്ചം പോലുമില്ലാത്തതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നതും പതിവാണ്.
നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കണം. നാട്ടുകാരുടെയും യാത്രക്കാരുടെയും ബുദ്ധിമുട്ടുകൾക്ക് ഉടൻ പരിഹാരം കാണണം.
തൊളിക്കുഴി വാട്സ്ആപ്പ് കൂട്ടായ്മ
സെക്രട്ടറി
എം.തമീമുദ്ദീൻ
പ്രസിഡന്റ്
എ.ആർ.നസീം
ഫോട്ടോ -നിരത്തിയ മെറ്റലുകൾ ഇളകി അപകടാവസ്ഥയിലായ തൊളിക്കുഴി -അടയമൺ -കുറവൻകുഴി റോഡ്