ഓട്ടോറിക്ഷയിൽ മദ്യക്കടത്ത്; ഒരാൾ പിടിയിൽ

Tuesday 26 August 2025 11:46 PM IST

നെടുങ്കണ്ടം: ഓണക്കാല പ്രത്യേക പരിശോധനകളുടെ ഭാഗമായി ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ സംഘം നടത്തിയ പരിശോധനയിൽ 16ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും കടത്തിയ ഓട്ടോറിക്ഷ പിടിച്ചെടുത്തു. സംഭവത്തിൽ മേലെചെമ്മണ്ണാർ കടുവപാറക്കൽ വീട്ടിൽ സിനിറ്റ് (55) അറസ്റ്രിലായി. ഞായറാഴ്ച രാത്രി സേനാപതി അഞ്ചുമുക്കിലായിരുന്നു സംഭവം. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. പലപ്പോഴായി ബിവറേജസ് ഔട്ലറ്റിൽ നിന്നും വാങ്ങി സൂക്ഷിച്ചതാണ് മദ്യമെന്ന് സിനിറ്റ് മൊഴി നൽകിയെന്ന് എക്‌സൈസ് അറിയിച്ചു. ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. വിജയകുമാറിന്റെ നിർദ്ദേശാനുസരണം നടന്ന പരിശോധനയിൽ അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ജെ.പ്രകാശ്, കെ.എസ്.അസീസ്, പ്രിവന്റീവ് ഓഫീസർ കെ.എസ്.അനൂപ്, എം.നൗഷാദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അരുൺ രാജ്, അരുൺ മുരളീധരൻ, അരുൺ ശശി, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ പി.സി. റെജി എന്നിവർ പങ്കെടുത്തു.