കെ.എസ്.കെ.ടി.യു ആത്മാഭിമാന സംഗമം
തിരുവനന്തപുരം:സാമൂഹ്യ ക്ഷേമ പെൻഷനുകൾ കൈക്കൂലിയാണെന്ന കോൺഗ്രസ് ആക്ഷേപത്തിലും, ക്ഷേമ പെൻഷനുകളിലെ കേന്ദ്ര വിഹിതം വർദ്ധിപ്പിക്കാത്തതിലും പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു)
നേതൃത്വത്തിൽ സെപ്തംബർ 15 മുതൽ 25 വരെ 2216 വില്ലേജ് കേന്ദ്രങ്ങളിൽ ആത്മാഭിമാന സംഗമം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ, ജനറൽ സെക്രട്ടറി എൻ.ചന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
"ക്ഷേമ പെൻഷൻ കൈക്കൂലിയല്ല, അഭിമാനമാണ്, ലൈഫ് വ്യാമോഹമല്ല, യാഥാർഥ്യമാണ് " എന്ന മുദ്രാവാക്യമുയർത്തിയാണ് സംഗമം നടത്തുക. ക്ഷേമ പെൻഷനും ലൈഫ് ഭവന പദ്ധതിയും അട്ടിമറിക്കാനുള്ള നീക്കമാണ് യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നതെന്നും, പാവപ്പെട്ട ജനങ്ങളുടെ ചെറുത്ത് നിൽപ്പ് സമരമാണ് സംഘടിപ്പിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.രതീന്ദ്രൻ, ജില്ലാ സെക്രട്ടറി കെ.ശശാങ്കൻ എന്നിവരും പങ്കെടുത്തു.