പരാതി അന്വേഷിക്കാനെത്തിയ ഗ്രേഡ് എസ്.ഐയുടെ മൂക്കിടിച്ച് തകർത്തു, ക്രിമിനൽ സംഘം പിടിയിൽ
ശംഖുംമുഖം: പരാതി അന്വേഷിക്കാനെത്തിയ ഗ്രേഡ് എസ്.ഐയുടെ മൂക്കിടിച്ച് തകർത്ത അക്രമികൾ പിടിയിൽ. വള്ളക്കടവ് ബംഗ്ളാദേശ് കോളനി സ്വദേശിയായ രമേശ് എന്ന മനു(30)വലിയതുറ ലിസിറോഡിൽ ഷരൂൺ എന്ന ജഗൻ(25) എന്നിവരെയാണ് വലിയതുറ പൊലീസ് പിടികൂടിയത്. ഞായറാഴ്ച രാത്രി 11നാണ് ഇവർ ശംഖുംമുഖം ബീച്ചിൽ മദ്യപിച്ച് പൊതുജനങ്ങൾക്ക് ശല്ല്യമുണ്ടാക്കുന്നതായി പരാതി ലഭിച്ചത്. തുടർന്ന് വലിയതുറ പൊലീസ് സ്റ്റേഷനിൽ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഗ്രേഡ് എസ്.ഐ ബിജു സ്ഥലത്തെത്തി. ഇവരെ ബീച്ചിൽ നിന്ന് പറഞ്ഞയക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും ചേർന്ന് എസ്.ഐയെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ എസ്.ഐയുടെ മുക്കിടിച്ച് തകർത്തു. മൂക്ക് പൊട്ടി രക്തം വാർന്ന് എസ്.ഐ നിലത്തു വീണു.ഇതുകണ്ട് ബീച്ചിലുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസെത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു. രമേശ് കൊലപാതക്കേസിലും ജഗൻ എം.ഡി.എം.എ കേസിലും അടുത്തകാലത്താണ് ജാമ്യത്തിലിറങ്ങിയത്.
സുരക്ഷയില്ലാതെ ശംഖുംമുഖം ബീച്ച്
രാത്രി 8 കഴിഞ്ഞാൽ വെളിച്ചമില്ലാത്തതു കാരണം ശംഖുംമുഖം ബീച്ചും പരിസരവും സാമൂഹിക വിരുദ്ധരുടെ താവളമാണ്. ബീച്ചിലെത്തുന്നവർക്കുനേരെ സാമൂഹികവിരുദ്ധരിൽ നിന്ന് ആക്രമണം ഉണ്ടാകുന്നതായും പരാതിയുണ്ട്. മദ്യപാനം മുതൽ ബീച്ചിൽ എത്തുന്നവരെ ഉപദ്രവിക്കുന്നതും പണം പിടിച്ചുപറിക്കുന്നതുമാണ് പ്രധാന പരിപാടികൾ. രാത്രികാല പരിശോധന കൂടുതൽ ശക്തമാക്കണമെന്നാണ് ആവശ്യം.