നേമം സഹകരണ ബാങ്ക് ക്രമക്കേട്  നിക്ഷേപകരുടെ ഒരു രൂപ പോലും നഷ്ടമാകില്ല, തിരികെ നൽകുമെന്ന് അഡ്മിനിസ്ട്രേറ്റർ

Tuesday 26 August 2025 1:34 AM IST

നേമം: നിക്ഷേപിച്ച മുഴുവൻ തുകയും നിക്ഷേപകർക്ക് തിരികെ നൽകുമെന്ന് നേമം സർവീസ് സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റർ എസ്‌.സുജി കേരളകൗമുദിയോട് പറഞ്ഞു.കിട്ടാക്കടം പിരിച്ചെടുക്കുന്നതിന് കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.നിക്ഷേപം എത്രയും പെട്ടെന്ന് തിരികെ നൽകുന്നതിനുവേണ്ടി എല്ലാ നടപടികളും സ്വീകരിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.

1200 നിക്ഷേപകർ 112 കോടിയോളം രൂപയാണ് ഈ ബാങ്കിൽ നിക്ഷേപിച്ചത്. 96 കോടിയുടെ ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വായ്പയെടുത്തവർ 35 കോടിയോളം രൂപ തിരിച്ചടയ്ക്കാനുണ്ട്.

70 വയസിന് മുകളിലുള്ളവർക്കും,രോഗങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലുള്ളവർക്കും മുൻഗണന നൽകും.

112 കോടി രൂപയുടെ ക്രമക്കേട് അനേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇതുവരെ രണ്ടുപേരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. 21 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയ മുൻ ബാങ്ക് സെക്രട്ടറി എസ്.ബാലചന്ദ്രൻ നായരെയും,3 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മുൻ പ്രസിഡന്റും സി.പി.എം നേമം ഏരിയാ കമ്മിറ്റി മുൻ അംഗവുമായ പ്രദീപ്‌ കുമാറിനെയുമാണ് അറസ്റ്റ് ചെയ്തത്.

32 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മുൻ സെക്രട്ടറി എ.ആർ.രാജേന്ദ്രകുമാർ, 10.41 കോടി രൂപയുടെ ക്രമക്കേട് നടത്തിയ എസ്.എസ്.സന്ധ്യ എന്നിവരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം കേസിലുൾപ്പെട്ട മുൻ ഭരണ സമിതിയംഗങ്ങൾ,തങ്ങളുടെ പേരിലുള്ള വസ്തുക്കൾ ബിനാമി പേരുകളിലേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നതായി നിക്ഷേപ കൂട്ടായ്മ കൺവീനർ ശാന്തിവിള മുജീബ് റഹ്‌മാനും,സെക്രട്ടറി കൈമനം സുരേഷും ആരോപിച്ചു.