ഗുരുവായൂർ ക്ഷേത്രമുറ്റത്ത് അത്തപ്പൂക്കളം ഒരുങ്ങും
Tuesday 26 August 2025 12:09 AM IST
ഗുരുവായൂർ : ഗുരുവായൂരപ്പന് തിരുമുൽകാഴ്ച്ചയായി ഇന്ന് ഗുരുവായൂർ ക്ഷേത്ര തിരുമുറ്റത്ത് അത്തപ്പൂക്കളം ഒരുങ്ങും. നാല് പതിറ്റാണ്ടിലേറെയായി ക്ഷേത്രത്തിന് മുന്നിൽ പൂക്കളമൊരുക്കിയിരുന്ന ഗുരുവായൂരിലെ പൂ വ്യാപാരി പരേതനായ തേക്കത്ത് ഉണ്ണിക്കൃഷ്ണന്റെ മകൻ സന്ദീപിന്റെ വകയാണ് അത്തം നാളിലെ പൂക്കളം. ഇന്നലെ വൈകുന്നേരം മുതൽ തന്നെ പൂക്കളത്തിനായുള്ള ഒരുക്കം ആരംഭിച്ചു. പുലർച്ചെ മൂന്നിന് ക്ഷേത്ര നട തുറക്കുന്നതിന് മുൻപ് പൂക്കളം തീർക്കും. ഗുരുവായൂരിൽ ശ്രീകൃഷ്ണ ഫ്‌ളവർമാർട്ട് നടത്തിവന്നിരുന്ന തെക്കത്ത് ഉണ്ണിക്കൃഷ്ണൻ 1976ൽ തുടങ്ങിയതാണ് പൂക്കളം ഒരുക്കൽ. അദ്ദേഹത്തിന്റ മരണശേഷം മകൻ സന്ദീപ് അത്തപ്പൂക്കളം ഒരുക്കുന്നത് തുടർന്നു. തിരുവോണ ദിനം വരെ ഇനിയുള്ള ദിവസങ്ങളിൽ ഗുരുവായൂരപ്പന്റെ തിരുമുറ്റത്ത് വിവിധസംഘടനകളും വ്യാപാരികളും ചേർന്ന് പൂക്കളം ഒരുക്കും.