അംഗപരിമിതരെ ആക്ഷേപിച്ചു സ്റ്റാൻഡപ്പ് കൊമേഡിയന്മാർ മാപ്പു പറയണം: സുപ്രീംകോടതി

Tuesday 26 August 2025 12:19 AM IST

ന്യൂഡൽഹി: യുട്യൂബിലെ 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ' ഷോയ്‌ക്കിടെ അംഗപരിമിതരെ ആക്ഷേപിച്ച അഞ്ച് സ്റ്റാൻഡപ്പ് കൊമേഡിയന്മാർ പരസ്യമായി മാപ്പു പറയണമെന്ന് സുപ്രീംകോടതി. സമയ് റെയ്‌ന, വിപുൽ ഗോയൽ, ബൽരാജ് പരംജീത് സിംഗ് ഘായ്, സൊനാലി തക്കർ, നിശാന്ത് ജഗ്‌ദീഷ് തൻവർ എന്നിവർ മാപ്പു പറയുന്ന വീഡിയോ തയ്യാറാക്കി അവരുടെ സാമൂഹിക മാദ്ധ്യമ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് ചെയ്യണം. അധിക്ഷേപ തമാശകൾ പറഞ്ഞ് കാശുണ്ടാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നൽകി. എസ്.എം.എ ക്യൂർ ഫൗണ്ടേഷൻ സംഘടന സമർപ്പിച്ച ഹർജിയിലാണിത്. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ ഇവരുടെ പിഴശിക്ഷയിൽ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കി. സ്റ്റാൻഡപ്പ് കൊമേഡിയന്മാർ ഇന്നലെ കോടതിയിൽ നേരിട്ടു ഹാജരായി.

പശ്ചാത്താപം

പരമപ്രധാനം

പശ്ചാത്താപത്തിന്റെ അളവ് കുറ്റകൃത്യത്തിന്റെ അളവിനേക്കാൾ കൂടുതലായിരിക്കണമെന്ന് കോടതി നിരീക്ഷിച്ചു. തമാശകൾ ജീവിതത്തിന്റെ ഭാഗമാണ്. അതു നല്ലതുമാണ്. എന്നാൽ തമാശകളെ വാണിജ്യവത്കരിച്ചു ഒരു സമൂഹത്തിന്റെ വികാരത്തെ മുറിപ്പെടുത്താനാകില്ല. ഇതു ആവിഷ്ക്കാര സ്വാതന്ത്യവുമല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സാമൂഹിക മാദ്ധ്യമങ്ങളിലെ ഉള്ളടക്കത്തിൽ നിയന്ത്രണം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നയം വേണമെന്ന് കോടതി ഇന്നലെയും താത്പര്യം പ്രകടിപ്പിച്ചു. മാർഗരേഖ രൂപീകരണത്തിന് കേന്ദ്രസർക്കാരിന് സമയവും അനുവദിച്ചു. വിഷയം നവംബറിൽ വീണ്ടും പരിഗണിക്കും.