നിയന്ത്രണരേഖയിൽ പാക് ഡ്രോണുകൾ; സേനയുടെ തെരച്ചിൽ

Tuesday 26 August 2025 12:25 AM IST

ശ്രീനഗർ: ജമ്മു കാശ്മീരിൽ നിയന്ത്രണ രേഖയോട് ചേർന്ന പ്രദേശങ്ങളിൽ പാക് ഡ്രോണുകൾ കണ്ടെത്തിയതോടെ ഇന്നലെ തെരച്ചിലാരംഭിച്ച് സുരക്ഷാസേന. ഞായറാഴ്ച രാത്രി 9.15 ഓടെ മെൻധാർ സെക്ടറിലെ ബാലാകോട്ട്, ലാംഗോട്ട്, ഗുർസായി നല്ലാ എന്നിവിടങ്ങളിൽ അതിർത്തിക്കപ്പുറത്ത് നിന്ന് ഡ്രോണുകളുടെ നീക്കം ശ്രദ്ധയിൽപ്പെട്ടുകയായിരുന്നു. ഡ്രോണുകൾ വളരെ ഉയരത്തിൽ പറക്കുകയും അഞ്ച് മിനിറ്റിനുള്ളിൽ പാകിസ്ഥാൻ ഭാഗത്തേക്ക് മടങ്ങുകയും ചെയ്തു. ഡ്രോണുകൾ നിരീക്ഷണത്തിനായി അയച്ചതാവാനാണ് പ്രാഥമിക വിലയിരുത്തൽ. ഇതോടെ ആയുധങ്ങളോ മയക്കുമരുന്നോ ഡ്രോണുകളിലൂടെ അതിർത്തി കടത്തിയിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി, സുരക്ഷാ സേന ഡ്രോണുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയ പ്രദേശങ്ങൾ വളഞ്ഞ് പുലർച്ചയോടെ തെരച്ചിൽ ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളായി പാകിസ്ഥാൻ ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങളും മയക്കുമരുന്നുകളും ഉപേക്ഷിക്കുന്നത് സുരക്ഷാ ഏജൻസികൾക്ക് വെല്ലുവിളിയുർത്തുന്നുണ്ട്.