സുപ്രീംകോടതിയിലേക്ക് രണ്ടു ജഡ്‌ജിമാർ കൂടി

Tuesday 26 August 2025 12:29 AM IST

ന്യൂഡൽഹി: ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അലോക് അരാദെ,പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിപുൽ മനുഭായി പഞ്ചോലി എന്നിവരെ സുപ്രീംകോടതി ജ‌ഡ്‌ജിമാരായി സ്ഥാനക്കയറ്റം നൽകാൻ കൊളീജീയം തീരുമാനിച്ചു. കേന്ദ്രസർക്കാരിന് നിയമനശുപാർശ അയച്ചു. സാധാരണയായി ജഡ്‌ജിമാരുടെ വിവരങ്ങളും,നിയമനത്തിന് പിന്നിലെ കാരണങ്ങളും വ്യക്തമാക്കിയാണ് ശുപാർശ സുപ്രീംകോടതിയുടെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാറുള്ളത്. എന്നാലിത്തവണ,ആഗസ്റ്റ് 25ന് നടന്ന കൊളീജിയിം യോഗത്തിൽ ഇരുവരെയും സ്ഥാനക്കയറ്റത്തിന് ശുപാർശ ചെയ്യാൻ തീരുമാനിച്ചുവെന്നാണുള്ളത്. സുപ്രീംകോടതിക്ക് അനുവദിച്ച 34 ജ‌ഡ്‌ജിമാരെന്ന അംഗബലം ഇവർ രണ്ടുപേരും കൂടി എത്തുന്നതോടെ പൂർണമാകും.

മദ്ധ്യപ്രദേശ് സ്വദേശിയാണ് ജസ്റ്റിസ് അലോക് അരാദെ. 2009ലാണ് മദ്ധ്യപ്രദേശ് ഹൈക്കോടതി ജഡ്‌ജിയാകുന്നത്. ജസ്റ്റിസ് വിപുൽ മനുഭായി പഞ്ചോലി ഗുജറാത്തുകാരനാണ്. 2014ൽ ഗുജറാത്ത് ഹൈക്കോടതി ജഡ്‌ജിയായി. 2031 മേയ് മുതൽ 16 മാസത്തേക്ക് ഇദ്ദേഹം ചീഫ് ജസ്റ്റിസാകാൻ സാദ്ധ്യതയുണ്ട്.