പ്രളയ ഭീഷണി പാകിസ്ഥാനെ അറിയിച്ച് ഇന്ത്യ

Tuesday 26 August 2025 12:31 AM IST

ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി തുടരുന്നതിനിടെ,പാകിസ്ഥാനോട് സൻമനസ്സ് കാണിച്ച് ഇന്ത്യ. കനത്ത മഴയെ തുടർന്ന് തവി നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ പ്രളയ സാദ്ധ്യതയുണ്ടെന്ന വിവരം ഇന്ത്യ പാകിസ്ഥാനെ അറിയിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലൂടെയാണ് വിവരം അറിയിച്ചത്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധു നദീജല കരാർ റദ്ദാക്കിയതിനാൽ കരാർ പ്രകാരമുള്ള സാധാരണ ആശയവിനിമയ മാർഗങ്ങൾ താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. അതിനാലാണ് ഹൈക്കമ്മിഷിനിലൂടെ വിവരം അറിയിച്ചത്. ആദ്യമായാണ് ഇന്ത്യ ഇത്തരം വിവരങ്ങൾ ഹൈക്കമ്മിഷനിലൂടെ നൽകുന്നത്.

പ്രളയ മുന്നറിയിപ്പുകൾ ഉൾപ്പെടെ നദികളുമായി ബന്ധപ്പെട്ട വിവരങ്ങൾ സാധാരണ കൈമാറിയിരുന്നത് ഇൻഡസ് വാട്ടർ കമ്മിഷണർമാർ മുഖേനയാണ്. ഇന്ത്യൻ ഹൈക്കമ്മിഷണർ വിവരം കൈമാറിയതോടെ പാകിസ്ഥാൻ തവി നദീതീര പ്രദേശത്ത് മുന്നറിയിപ്പ് നൽകി. ജമ്മുവിലെ ദോഡോ ജില്ലയിലെ ഭദേർവായിലെ കൈലാസ്‌കുണ്ഡിൽ നിന്ന് ഉത്ഭവിക്കുന്ന തവി നദി പാകിസ്ഥാൻ പഞ്ചാബിലെ സിലാകോട്ട് വഴിയാണ് ഒഴുകുന്നത്.