രേഖാ ഗുപ്തയെ ആക്രമിച്ചയാൾ എത്തിയത് കത്തിയുമായി, ആദ്യം പദ്ധതിയിട്ടത് സുപ്രീംകോടതി ആക്രമിക്കാൻ

Tuesday 26 August 2025 12:32 AM IST

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയെ ആക്രമിച്ച രാജേഷ് സക്രിയ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത് കത്തിയുമായി. മുഖ്യമന്ത്രിയെ കുത്താൻ ലക്ഷ്യമിട്ടെത്തിയ പ്രതി സുരക്ഷാ സംവിധാനം കണ്ട് ഭയന്ന് കത്തി വലിച്ചെറിയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. കത്തി കണ്ടെത്താനായി പൊലീസ് തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞയാഴ്ച സിവിൽ ലൈൻസിലെ ഔദ്യോഗിക വസതിയോട് ചേർന്ന ഓഫീസിൽ ജനസമ്പർക്ക പരിപാടി നടത്തുന്നതിനിടെയാണ് ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ രാജേഷ് സക്രിയ രേഖാ ഗുപ്തയെ ആക്രമിച്ചത്. ഇയാളെ ഉടൻ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണം ആസൂത്രണം ചെയ്യാൻ ഇയാളെ സഹായിച്ച സുഹൃത്ത് തഹ്‌സീൻ സയ്ദിനെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. തെരുവുനായകളെ ഡൽഹിയിൽ നിന്ന് നീക്കാനുള്ള സുപ്രീം കോടതി വിധിയാണ് നായ സ്‌നേഹിയായ രാജേഷിനെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. വിധിക്കെതിരെ പ്രതിഷേധിക്കാൻ ഡൽഹിയിലെത്തിയ ഇയാൾ റെയിൽവേ സ്റ്റേഷനിലെ ഒരു പച്ചക്കറി വണ്ടിയിൽ നിന്ന് കത്തി കൈക്കലാക്കിയിരുന്നു. ഈ കത്തിയുമായാണ് മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. രാജേഷ് സക്രിയ ആദ്യം ലക്ഷ്യമിട്ടത് തെരുവുനായകളെ ഒഴിവാക്കാൻ ഉത്തരവിട്ട സുപ്രീംകോടതി ആക്രമിക്കാനായിരുന്നു. എന്നാൽ സുപ്രീംകോടതിയിലെ കനത്ത സുരക്ഷാസംവിധാനം കണ്ട് പദ്ധതി മാറ്റുകയായിരുന്നു. പിന്നീട് കൂടുതൽ എളുപ്പമെന്ന് കരുതിയാണ് മുഖ്യമന്ത്രിയെ ആക്രമിക്കാൻ പദ്ധതിയിട്ടത്.