ജയസൂര്യ നായകനായെത്തുന്ന ചിത്രത്തിൽ നിന്ന് അനു സിത്താര പിന്മാറി, പകരമെത്തുന്നത് ആദ്യം തീരുമാനിച്ച നടി
ജയസൂര്യയെ നായകനാക്കി രാജേഷ് മോഹൻ സംവിധാനം ചെയ്യുന്ന തൃശൂർ പൂരത്തിൽ നായികയായി സ്വാതി റെഡ്ഡി മടങ്ങിയെത്തി.സ്വാതിയെ നായികയാക്കിയാണ് ചിത്രം ആദ്യം പ്ളാൻ ചെയ്തതെങ്കിലും ഡേറ്റ് ക്ളാഷ് മൂലം പിന്നീട് ഒഴിവാക്കുകയായിരുന്നു. പകരം അനു സിതാരയെ നായികയായി നിശ്ചയിക്കുകയും ചെയ്തു.എന്നാൽ തമിഴ് ചിത്രത്തിന്റെ തിരക്കു കാരണം അനു സിതാരയ്ക്കു എത്താൻ കഴിയാത്ത സാഹചര്യത്തിലാണ് വീണ്ടും സ്വാതി റെഡ് ഡിയെ തന്നെ പരിഗണിച്ചത്.കഴിഞ്ഞ ദിവസം സ്വാതി ചിത്രത്തിൽ അഭിനയിച്ചു തുടങ്ങി.
മാളയിലാണ് ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്നത്.അടുത്ത മാസം വരെ ചിത്രീകരണം ഉണ്ടാവും.ചിത്രീകരണത്തിനിടെ ജയസൂര്യയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് നിറുത്തി വച്ച ഷൂട്ടിംഗ് കഴിഞ്ഞ 12നാണ് പുനരാരംഭിച്ചത്.ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രത്തിന്റെ കാമറ പ്രകാശ് വേലായുധനാണ്.ആട് 2നു ശേഷം ജയസൂര്യയും വിജയ് ബാബുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.കഥയും തിരക്കഥയും സംഗീത സംവിധായകൻ രതീഷ് വേഗയുടേതാണ്.