പെരുവന്താനം വീണ്ടും കാട്ടാന ഭീതിയിൽ
മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പഞ്ചായത്തിലെ തെക്കേമല, കാനംമല, മാടന്തറ, കൊയ്‌നാട് എന്നിവിടങ്ങളിൽ വീണ്ടും കാട്ടാനശല്യം രൂക്ഷമായി. ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാന പ്രദേശത്ത് വ്യാപക കൃഷിനാശമാണ് വരുത്തന്നത്. ഒറ്റതിരിഞ്ഞു നടക്കുന്ന കാട്ടാന ജനങ്ങൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കഴിഞ്ഞദിവസം രാത്രിയിൽ മേഖലയിലെത്തിയ മോഴയാനയുടെ ആക്രമണത്തിൽ തെക്കേമല കല്ലൻമാരുകുന്നേൽ ഗ്ലിൻസ് ജോർജിന്റെ ബൈക്കിനും റോബിൻ പന്തപ്പള്ളിയുടെ കാറിനും കേടുപാടുകൾ സംഭവിച്ചു. ജോസ് പരിയാനിക്കലിന്റെ കൃഷിയിടവും കാട്ടാന നശിപ്പിച്ചു. വീടിന് സമീപം വരെ കാട്ടാന എത്തിയതോടെ ജീവൻ ഭയന്ന് കഴിയേണ്ട ഗതികേടിലാണ് പ്രദേർശവാസികൾ.
പോയാലും തിരിച്ചെത്തും
വനംവകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പടക്കം പൊട്ടിച്ചും ബഹളമുണ്ടാക്കിയും ആനയെ വനത്തിലേക്ക് കയറ്റി വിടുമെങ്കിലും രാത്രിയാകുന്നതോടെ ഇവ വീണ്ടും വരികയാണ്.
വനാതിർത്തി മേഖലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് അധികാരികൾ വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും ഓരോ ദിവസം ചെല്ലുംതോറും വന്യമൃഗങ്ങളുടെ ശല്യം വർദ്ധിക്കുകയാണ്.